സൌദിയില്‍ നാലു പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 11 ആയി
ഇന്ന് നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
സൌദിയില്‍ നാലു കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം ഇതോടെ 11 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. നാലാമത്തെയാള്‍ യുഎഇ വഴി ഇറാനില്‍ നിന്നെത്തിയതായിരുന്നു. ഇദ്ദേഹവും ഇറാനില്‍ പോയ കാര്യം വെളിപ്പെടുത്തിയിരുന്നില്ല. കൂടുതല്‍ പേരിലേക്ക് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിയന്ത്രങ്ങളും ശക്തമാക്കുന്നുണ്ട്.
രോഗം പടരുന്ന സാഹചര്യത്തില്‍ ബഹ്റൈനില്‍ നടക്കുന്ന ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് സംഘാടകര്‍ അറിയിച്ചു. ദുബൈ വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റ് മൂലമുള്ള പ്രവേശനവും തടഞ്ഞു.
പശ്ചിമേഷ്യയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കാനാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ തീരുമാനം. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലേക്കുളള സർവീസുകൾ കുവൈത്ത് കഴിഞ്ഞ ദിവസം നിർത്തി വെച്ചിരുന്നു.
കേരളത്തില്‍ ഉൾപ്പെടെ ഇന്ത്യയിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗള്‍ഫ് രാജ്യങ്ങള്‍ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. കുവൈത്ത് വിലക്ക് മൂലം ആയിരങ്ങളാണ് പ്രതിസന്ധിയിലായത്. ചെറുതും വലുതുമായ ഒേട്ടറെ പരിപാടികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉപേക്ഷിച്ചത്. ഈ മാസം 19 മുതൽ 22 വരെ നടക്കേണ്ട ബഹ്റൈൻ കാറോട്ട പരിപാടി മൽസരാർഥികൾക്കു മാത്രമായി ചുരുക്കി. യാത്രാ തീയതി മാറ്റുമ്പോൾ ഈടാക്കുന്ന അധിക ചാർജ് ഉപേക്ഷിക്കുമെന്ന് വിവിധ ഗൾഫ് വിമാന കമ്പനികൾ അറിയിച്ചു. യു.എ.ഇയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നുമുതൽ അടഞ്ഞു കിടക്കുകയാണ്. വിദ്യാലയങ്ങളും സ്കൂൾ ബസുകളും അണുമുക്തമാക്കുന്ന യജ്ഞം യു.എ.ഇയിൽ തുടരുകയാണ്.
ഗൾഫ് ഓഹരി വിപണി കനത്ത തിരിച്ചടിയാണ് നേരിട്ടത്. എണ്ണവില വീണ്ടും കുറഞ്ഞത് ഗൾഫ് സമ്പദ് ഘടനക്കും തിരിച്ചടിയാണ്.