സൗദിയില്‍ കോവിഡ് ബാധിതര്‍ 103 ആയി: രണ്ട് പേര്‍ക്ക് രോഗശമനം; ഇന്നു മുതല്‍ വിദേശ വിമാനങ്ങളില്ല; സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു
സൌദിയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 103 ആയി. രണ്ടു പേര്‍ ഇതുവരെ അസുഖ മോചിതരായെന്നും മന്ത്രാലയം അറിയിച്ചു. മക്കയില്‍ മാത്രം രോഗ ബാധിതരുടെ എണ്ണം 47 ആയി. ഇതില്‍ ഒരു ബംഗ്ലാദേശി ഒഴികെ 46 പേരും ഈജിപ്ഷ്യരാണ്. കിഴക്കന്‍ പ്രവിശ്യയില്‍ 37 കേസുകളായി. തലസ്ഥാനമായ റിയാദില്‍ കേസുകള്‍ 16 ഉം ആയി. ഖതീഫിലുള്ള ഒരാള്‍ മാത്രമാണ് ഇതുവരെ ആശുപത്രി വിട്ടത്. രാജ്യത്ത് ഒരാളുടേതൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
റിയാദിലാണ് ഇന്ന് സ്ഥിരീകരിച്ച 17 കേസുകളില്‍ പന്ത്രണ്ടും ഉള്ളത്. നേരത്തെ അസുഖം ബാധിച്ച യുഎസ് പൌരനുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന മറ്റൊരു യുഎസ് പൌരനും മൂന്ന് സൌദികളും, ബ്രിട്ടനില്‍ നിന്നെത്തിയ മൂന്ന് സൌദികള്‍, ഫ്രാന്‍സില്‍ നിന്നെത്തിയ നാല് സൌദികള്‍, യുഎഇ വഴിയെത്തിയ ഫ്രഞ്ച് പൌരന്‍ എന്നിവരാണ് റിയാദില്‍ ചികിത്സയിലുള്ളത്.
കോവിഡ് 19 പശ്ചാത്തലത്തില്‍ സൌദി അറേബ്യ മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തി വെച്ചു. വെള്ളിയാഴ്ച മുതല്‍ രാജ്യത്ത് ഇറങ്ങുന്നവരെല്ലാം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ഇവര്‍ക്ക് ലീവ് അനുവദിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പൊതു പരിപാടികളും വിലക്കിയിട്ടുണ്ട്.
ഇന്നു മുതല്‍ സൌദിയിലേക്കും പുറത്തേക്കും അന്താരാഷ്ട്ര സര്‍വീസുകളുണ്ടാകില്ല. രണ്ടാഴ്ചത്തേക്കാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. മെഡിക്കല്‍, കാര്‍ഗോ, എമര്‍ജന്‍സി സര്‍വീസുകള്‍ എന്നിവ സൌദി എയര്‍ലൈന്‍സിന് കീഴില്‍ തുടരും. വെള്ളിയാഴ്ച മുതല്‍ രാജ്യത്തിറങ്ങിയവരും ഇന്നെത്തിയവരുമടക്കം മുഴുവന്‍ ആളുകളും താമസ സ്ഥലങ്ങളില്‍ രണ്ടാഴ്ച നിരീക്ഷത്തില്‍ കഴിയണം. ഇവര്‍ക്കെല്ലാം ലീവനുവദിക്കും.
വിദേശത്ത് കുടുങ്ങി ഇഖാമ, റീ എന്‍ട്രി കാലാവധി തീരുന്നവര്‍ക്കും സൌദിയില്‍ വെച്ച് സന്ദര്‍ശക വിസാ കാലാവധി തീരുന്നവര്‍ക്കും ജവാസാത്തിന് കീഴില്‍ പരിഹാരമുണ്ടാകും. അതേസമയം വിമാനങ്ങളുടെ ആഭ്യന്തര സര്‍വീസ് തുടരും. രാജ്യത്തുള്ളവര്‍ എല്ലാ പൊതു പരിപാടിയില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു. സ്പോര്‍ട്സ് പരിപാടികളും മാറ്റി വെച്ചു.
ഇതിനിടെ, കോവിഡ് 19 പശ്ചാത്തലത്തില്‍ സൌദിയിലെ സ്വകാര്യ മേഖലക്ക് ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് സൌദി അറേബ്യന്‍ മോണിറ്റി അതോറ്റിറ്റി (SAMA) അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലായി അമ്പത് ബില്യണ്‍ റിയാല്‍ സാമ സഹായമായി നല്‍കും. സ്വകാര്യ മേഖലയിലെ ചെറുകിട മധ്യ നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാറിലേക്ക് അടക്കുവാനുള്ള വിവിധ ഫീസുകള്‍ അടക്കാന്‍ സാവകാശം നല്‍കും. സ്ഥാപനങ്ങള്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യം വന്നാല്‍ ബാങ്കുകളില്‍ നിന്ന് ലോണും അനുവദിക്കും. വിവിധ സേവനദാതാക്കള്‍ക്കുള്ള ഫീസ് മൂന്ന് മാസത്തേക്ക് അടക്കുമെന്നും സൌദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി അറിയിച്ചു.