സൗദിയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: രോഗബാധിതരുടെ എണ്ണം 133 ആയി
അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് മന്ത്രി
സൗദി അറേബ്യയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം 133 ആയി ഉയര്‍ന്നു. 15 പേര്‍ക്കാണ് ഇന്ന് രാത്രി പുതുതായി അസുഖം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശികളും ബാക്കിയുള്ളവര്‍ സ്വദേശികളുമാണ്. ഇന്ന് സ്ഥിരീകരിച്ച കേസുകള്‍ ഇവയാണ്. ജിദ്ദയില്‍ അഞ്ച് പേര്‍ക്ക്. ഇതില്‍ ഒരാള്‍ അഫ്ഗാനിസ്ഥാന്‍ പൗരനാണ്. റിയാദില്‍ വിദേശത്ത് നിന്നെത്തിയ നാലു സൗദികള്‍ക്കാണ് അസുഖം. മക്കയില്‍ സ്ഥിരീകരിച്ച രണ്ട് കേസുകളില്‍ ഒരാള്‍ ഈജിപ്ഷ്യനാണ്. രണ്ടാമത്തെയാള്‍ തുര്‍ക്കിയില്‍ നിന്നെത്തിയ സ്വദേശിയാണ്. കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലും ദഹ്റാനിലും ജിസാനിലും ഓരോ കേസുകളും സ്ഥിരീകരിച്ചു. ഇന്ന് ആറു പേര്‍ അസുഖത്തില്‍ നിന്നും മോചിതരായിട്ടുണ്ട്. ആകെ സ്ഥിരീകരിച്ച 133 കേസുകളില്‍ 73 സ്വദേശികളും 60 വിദേശികളുമാണ്.
ഇവരുടെ പട്ടിക ഇങ്ങിനെ: സൗദികള്‍ 73, ഈജിപ്ത് 49, അമേരിക്ക 2, ബഹ്റൈന്‍ 2, ഫിലിപ്പീൻസ് 1, ഇൻഡോനേഷ്യ 1, ബംഗ്ലാദേശ് 1, സ്പെയിൻ 1, ഫ്രഞ്ച് 1, ലബനോന്‍ 1, അഫ്ഗാന്‍ 1 എന്നിങ്ങിനെയാണ് കണക്കുകള്‍.
സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുന്ന 133 കോവിഡ് 19 കൊറോണ വൈറസ് രോഗികളില്‍ 6 പേര്‍ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ ഒരാള്‍ നേരത്തേ ആശുപത്രി വിട്ടിരുന്നു. രാജ്യത്തെ ജനങ്ങളോട് പരമാവധി സമയം വീടുകളില്‍ കഴിയാനും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയില്‍ അവധി നല്‍കുന്നത് സംബന്ധിച്ച തീരുമാനം ഉടനെടുക്കും. രാജ്യത്ത് സ്വകാര്യ മേഖലയില്‍ ലീവ് അനുവദിക്കാന്‍ നിര്‍ദേശിച്ചു എന്ന തരത്തില്‍ ചില ട്വീറ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഇത് രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ലീവ് അനുവദിക്കാന്‍ സ്വകാര്യ കമ്പനികളോട് ആവശ്യപ്പെട്ടതാണ്. സ്വകാര്യ മേഖലയിലെ ലീവ് സംബന്ധിച്ച തീരുമാനം മന്ത്രാലയം പരിശോധിച്ച് എടുക്കും.
ഇതോടൊപ്പം, രാജ്യത്തെ മുഴുവന്‍ ബാങ്കുകളോടും ഓണ്‍ലൈന്‍ സമ്പ്രദായത്തിലേക്ക് ജോലികള്‍ ക്രമീകരിക്കാന്‍ കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ സംവിധാനമില്ലാത്ത ബ്രാഞ്ചുകളൊഴികെ മുഴുവന്‍ ബാങ്കുകളും 16 ദിവസം അടച്ചിടണം. ഓണ്‍ലൈന്‍ വഴി ബാങ്കില്‍ നിന്നും മറ്റൊരു ബാങ്കിലേക്ക് കാശയക്കുന്നവര്‍ക്ക് ഫീസ് ഈടാക്കരുതെന്നും സാമ അറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ സമ്പ്രദായമില്ലാത്ത അനിവാര്യ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചുകളില്‍ കോവിഡ്-19 പ്രതിരോധ നടപടി നടത്തണം. ഇവിടെയെത്തുന്ന ഉപഭോക്താക്കളും മുന്‍കരുതലോടെ വേണം ഇടപാടിനെത്താന്‍. രാജ്യത്തെ മുഴുവന്‍ ടെല്ലര്‍ മെഷീനുകളിലും പണം ഉറപ്പു വരുത്തണമെന്നും സാമയുടെ ഉത്തരവില്‍ പറയുന്നു.
വിദേശത്തു നിന്നും മടങ്ങി വന്നവരിലാണ് കോവിഡ് 19 രാജ്യത്ത് കൂടുതലായും സ്ഥിരീകരിച്ചത്. ഇന്ന് മുതല്‍ രാജ്യത്തെ മുഴുവന്‍ പള്ളികളിലേയും ടോയ്‌ലറ്റുകളും അംഗശുദ്ധി വരുത്താനുള്ള ശുചീകരണ മുറികളും അടച്ചു പൂട്ടാന്‍ ഇസ്‍ലാമിക കാര്യ മന്ത്രാലയം ഉത്തരവിട്ടു. വീടുകളില്‍ നിന്നോ ഓഫീസില്‍ നിന്നോ ശുചീകരണം നടത്തി വേണം ഇനി പള്ളിയിലെത്താന്‍. പ്രാര്‍ഥനാ സമയങ്ങളില്‍ പള്ളികളിലെ മുഴുവന്‍ വാതിലുകളും ജനലുകളും തുറന്നിടണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
രാജ്യത്തെ മുഴുവന്‍ ഷോപ്പിങ് മാളുകളും കോംപ്ലക്സുകളും ബാര്‍ബര്‍ ഷോപ്പുകളും അടച്ചിടാന്‍ മന്ത്രാലയം ഉത്തവിട്ടിരുന്നു. ഇത് ഇന്നു മുതല്‍ എല്ലാ പ്രവിശ്യകളിലും നടപ്പായി. നിയമം ലംഘിച്ച് കടതുറന്നാല്‍ വന്‍തുക പിഴയും ലഭിക്കും. എന്നാല്‍ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാകുന്ന കടകള്‍ക്ക് തുറന്നിടാം. ഓരോ മേഖലയിലേയും മുനിസിപ്പാലിറ്റി വിഭാഗം ഇത് സംബന്ധിച്ച് കടകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ്-19 സാഹടചര്യത്തില്‍ ഈ മാസത്തെ വൈദ്യുതി ബില്‍ അടക്കാത്തവര്‍ക്ക് സൗദി ഇലക്ട്രിസിറ്റി കമ്പനി വൈദ്യുതി വിഛേദിക്കില്ല. രണ്ടാഴ്ചത്തെ സാവകാശത്തിന് ശേഷമേ നടപടിയിലേക്ക് കടക്കൂ.