മക്കയില്‍ രണ്ടുപേരടക്കം സൗദിയില്‍ മൂന്ന് മരണം കൂടി: ഇന്ന് മാത്രം 190 കേസുകള്‍; ഉത്തരവ് പാലിച്ചില്ലെങ്കില്‍ രോഗസംഖ്യ ഉയരുമെന്ന് ആരോഗ്യമന്ത്രി
വരും ദിനങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാനിടയുണ്ടെന്ന് ആരോഗ്യ മന്ത്രി
സൌദിയില്‍ ഇന്ന് വൈകുന്നേരത്തോടെ മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 41 ആയി ഉയര്‍ന്നു. മക്കയിലാണ് ഇന്ന് രണ്ട് മരണം. ഹൊഫൂഫിലും ബിദാഇയിലും ഒരാളും മരിച്ചു. ഉച്ചക്ക് ശേഷമുള്ള 43 കേസുകളും രാവിലത്തെ 147 കേസുകളും അടക്കം ഇന്ന് മാത്രം 190 പേര്‍ക്ക് അസുഖം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗസംഖ്യ 2795 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ തുടരുന്നവുടെ എണ്ണം 2163 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണവും ഇന്നും ഉയര്‍ന്നു. ഇന്ന് മാത്രം 64 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 615 ആയി ഉയര്‍ന്നു.
ഇന്ന് വൈകീട്ട് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ഇപ്രകാരമാണ്: മദീന 14, മക്ക 11, റിയാദ് 4, ജിദ്ദ 9, തബൂക്ക് രണ്ട്, ഹൊഫൂഫിലും ബുറൈദയിലും ഓരോ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
സൌദിയില്‍ വരും ദിനങ്ങളില്‍ രോഗികളുടെ എണ്ണം കുത്തനെ അടുത്ത വാരം മുതല്‍ വര്‍ധിക്കുമെന്ന് സൌദി ആരോഗ്യ മന്ത്രി ഡോ.അബ്ദുള്ള അല്‍ റബീഅ ചൂണ്ടിക്കാട്ടി. മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് കര്ഡഫ്യൂ നീട്ടിയത്. രോഗികളുടെ എണ്ണം വരും ആഴ്ചകളില്‍ ഉയരും. കര്‍ഫ്യൂ നടപ്പാക്കിയ മേഖലകളില്‍ അണുമുക്തമാക്കുന്ന നടപടി തുടരും. റോഡുകളില്‍ വാഹനം ഇപ്പോഴും കുറഞ്ഞിട്ടില്ലെന്നും ഇത് ലക്ഷ്യം നേടുന്നതിന് വിഘാതമാമെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നത് അതത് സമയത്ത് മന്ത്രാലയം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കും.