സൌദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ ലെവിയില്‍ ഇളവ്
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
സൌദിയില്‍ ചെറുകിട-മധ്യ നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ലെവിയില്‍ ഇളവ് അനുവദിക്കുന്നു. സൌദി മന്ത്രിസഭയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഒന്പതില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ആനുകൂല്യം. സ്വദേശി സ്ഥാപന ഉടമസ്ഥനടക്കം ഒന്പതോ അതില്‍ കുറവോ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കാണ് മൂന്ന് വര്‍ഷത്തേക്ക് ലെവി ഇളവ് ലഭിക്കുക. ഇതിനുള്ള നിബന്ധനകള്‍ ഇവയാണ്. ഒന്ന്, സ്ഥാപന ഉടമസ്ഥന്‍ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത ആളാണെങ്കില്‍ ആ സ്ഥാപനത്തിലെ രണ്ട് വിദേശികളുടെ ലെവിയില്‍ മൂന്ന് വര്‍ഷത്തേക്ക് ഈ ഇളവ് ഉപയോഗപ്പെടുത്താം. രണ്ട്, സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത സ്പോണ്‍സറും ഒരു സ്വദേശി ജീവനക്കാരനും കന്പനിയിലുണ്ടെങ്കില്‍ നാലു വിദേശികള്‍ക്കും ലെവി അടക്കേണ്ടതില്ല. ഇന്ന് സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കോവിഡ് പ്രതിസന്ധി നേരിട്ട് ബാധിച്ച പ്രധാന മേഖല എന്നുള്ള നിലക്ക് ആനുകൂല്യത്തിന് അനുമതി നല്‍കിയത്