സൗദിയില്‍137 പേര്‍ക്ക് കൂടി കോവിഡ്: 16 പേര്‍ക്ക് രോഗമുക്തി; ഇന്ന് മരണങ്ങളില്ലാത്ത ആശ്വാസ ദിനം

ആരോഗ്യ മന്ത്രാലയമാണ് സ്ഥിതിവിവര കണക്കുകള്‍ പുറത്ത് വിട്ടത്

Update: 2020-04-08 13:38 GMT

സൗദിയില്‍ ഇന്ന് പുതുതായി 137 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവി‍ഡ് ബാധിച്ചവരുടെ എണ്ണം 2932 ആയി. 2260 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. 16 പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗമുക്തി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 631 ആയി.

സൌദി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം മീഡിയവണ്‍ ക്രോഡീകരിച്ചത്

ഇന്ന് മദീനയില്‍ 41, റിയാദില്‍ 37, മക്കയില്‍ 19, ജിദ്ദ 8, ദമ്മാം 6, ഖതീഫ് 5 എന്നിങ്ങിനെയാണ് പ്രധാന നഗരങ്ങളിലെ രോഗബാധിതരുടെ എണ്ണം. ഇന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് സൂചന. നിലവില്‍ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 41 ആണ്.

Advertising
Advertising

ഇന്ന് 137 പേരടക്കം ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2932 ആണ്. നിലവില്‍ ചികിത്സയില്‍ 2260 പേരുണ്ട്.

ഇതോടൊപ്പം ചില ആശ്വാസ പദ്ധതികളും ഇന്നലെ രാത്രിമുതല്‍ സൌദി ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. റീഎന്‍ട്രി, ലെവിയിളവ്, സാമ്പത്തിക കുറ്റവാളികളുടെ മോചനം എന്നിവയായിരുന്നു ഇത്.

സൗദിയില്‍ നിന്നും നാട്ടിലേക്ക് പോകാന്‍ റീ എന്‍ട്രി അടിച്ചവരുടെ വിസകള്‍ മൂന്ന് മാസത്തേക്ക് നീട്ടി നല്‍കാന്‍ സല്‍മാന്‍ രാജാവ് ഇന്ന് ഉത്തരവിട്ടിരുന്നു. സൌദിയില് നിന്നും നാട്ടിലേക്ക് പോയി വരാനുള്ള താല്‍ക്കാലിക വിസകളാണ് റീ എന്‍ട്രി വിസകള്‍. ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെയുള്ള തിയതികള്‍ക്കിടയില്‍ കാലാവധിയുള്ള എല്ലാ റീ എന്‍ട്രി വിസകളും സൌജന്യമായി മൂന്ന് മാസത്തേക്ക് നീട്ടി നല്‍കുന്നുണ്ട്. ഇതിന് ഫീസുകളോ മറ്റു നടപടിക്രമങ്ങളോ ഇല്ല. എല്ലാവരുടേയും അബ്ഷീറില്‍ വരും ദിവസങ്ങളില്‍ കാലാവധി നീട്ടി ലഭിക്കും. നാട്ടിലുള്ളവരുടെ കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടായേക്കും.

സൌദിയില്‍ സാന്പത്തിക കുറ്റകൃത്യ കേസുകളില്‍ ജയിലില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ സല്‍മാന്‍ രാജാവ് ഇന്നലെ ഉത്തരവിട്ടിരുന്നു. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. രാജ്യത്തെ ജയിലുകള്‍ സാമ്പത്തിക കുറ്റങ്ങളുടെ ഭാഗമായി തടവില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ ഉത്തരവില്‍ പറയുന്നു. ഇവരുടെ കേസുകളില്‍ കോടതി ഉത്തരവിറക്കരുതെന്നും പുതിയ സാഹചര്യത്തില്‍ വിട്ടയക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. മലയാളികളടക്കം നിരവധി പേര്‍ സാമ്പത്തിക കേസുകളില്‍ ജയിലിലുണ്ട്. ജാമ്യം നിന്ന് കുടുങ്ങിയവരടക്കം എല്ലാവര്‍ക്കും ആശ്വാസമാകും തീരുമാനം.

സൌദിയില്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ലെവിയില്‍ ഇളവ് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. സൌദി മന്ത്രിസഭയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഒന്പതില്‍ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ആനുകൂല്യം. സ്വദേശി സ്ഥാപന ഉടമസ്ഥനടക്കം ഒന്പതോ അതില്‍ കുറവോ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കാണ് മൂന്ന് വര്‍ഷത്തേക്ക് ലെവി ഇളവ് ലഭിക്കുക. ഇതിനുള്ള നിബന്ധനകള്‍ ഇവയാണ്. ഒന്ന്, സ്ഥാപന ഉടമസ്ഥന്‍ ഗോസിയില്‍ രജിസ്റ്റര്‍ ചെയ്ത ആളാണെങ്കില്‍ ആ സ്ഥാപനത്തിലെ രണ്ട് വിദേശികളുടെ ലെവിയില്‍ മൂന്ന് വര്‍ഷത്തേക്ക് ഈ ഇളവ് ഉപയോഗപ്പെടുത്താം. രണ്ട്, സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത സ്പോണ്‍സറും ഒരു സ്വദേശി ജീവനക്കാരനും കന്പനിയിലുണ്ടെങ്കില്‍ നാലു വിദേശികള്‍ക്കും ലെവി അടക്കേണ്ടതില്ല. ഇന്ന് സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കോവിഡ് പ്രതിസന്ധി നേരിട്ട് ബാധിച്ച പ്രധാന മേഖല എന്നുള്ള നിലക്ക് ആനുകൂല്യത്തിന് അനുമതി നല്‍കിയത്

Similar News