സൗദിയില്‍ കര്‍ഫ്യൂ കടുപ്പിച്ചു: പാസില്ലാതെ പുറത്തിറങ്ങിയാല്‍ പതിനായിരം റിയാല്‍ പിഴ; കറങ്ങാനിറങ്ങിയ കാല്‍നടയാത്രക്കാര്‍ക്കും പിഴ

പ്രവാസികളടക്കം പുറത്തിറങ്ങിയ നിരവധി പേരുടെ ഇഖാമയുടെ ഫോട്ടോ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്ന് എടുത്തിട്ടുണ്ട്

Update: 2020-04-12 15:17 GMT

സൌദിയില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാഹനയാത്ര നിയന്ത്രണവിധേയയമാക്കി. ഇതു സംബന്ധിച്ച പുതിയ ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. നാളെ മുതല്‍ റിയാദില്‍ ഏകീകൃത പാസ് സംവിധാനം പ്രാബല്യത്തിലാകും. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്വകാര്യ മേഖലയില്‍ ഉള്ളവര്‍ക്കും ഈ സമയത്ത് പുറത്തിറങ്ങാന്‍ നല്‍കുന്ന പാസില്‍ വകുപ്പ് മേധാവിയും ആഭ്യന്തര മന്ത്രാലയ സമിതിയും ഒപ്പു വെക്കണം. നാളെ മൂന്ന് മണി മുതല്‍ ഇത് പ്രാബല്യത്തിലാകും. ജീവനക്കാരെ കൊണ്ടു പോകുന്ന വലിയ വാനികളിലേയും ബസുകളിലേയും ഡ്രൈവര്‍മാര്‍ക്ക് മാത്രം പാസ് മതി. ബസിലും വാനിലും ഉള്ളവര്‍ക്കെല്ലാം വേണ്ടതില്ല. എന്നാല്‍ ഒറ്റക്ക് സഞ്ചരിക്കുകയാണെങ്കിലും പാസ് വേണം. മന്ത്രാലയം നേരത്തെ നല്‍കിയ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ച് വാഹനത്തില്‍ പകുതി പേരെ മാത്രമേ കയറ്റാവൂ. പതിനായിരം റിയാലാണ് ആദ്യം ലഭിക്കുക. രണ്ടാം ഘട്ടത്തില്‍ ഇരുപതിനായിരം റിയാലാണ് പിഴ. മൂന്നാം ഘട്ടത്തില്‍ ജയില്‍ ശിക്ഷയും ലഭിക്കും.

Advertising
Advertising

രാവിലെ ആറ് മുതല്‍ മൂന്ന് വരെയുള്ള സമയപരിധിയിലും തൊഴില്‍ രേഖകളുള്ളവര്‍ക്കേ പുറത്ത് പോകാനാകൂ. അത്യാവശ്യ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങിയവര്‍ കറങ്ങി നടന്നാലും പിഴവീഴും. അവശ്യ വസ്തുക്കള്‍ വാങ്ങി വേഗം വീടണയണം. പുറത്ത് കറങ്ങാനിറങ്ങിയ നിരവധി പേര്‍ക്ക് ഇന്ന് പിഴ ലഭിച്ചു. പ്രവാസികളടക്കം നിരവധി പേരുടെ ഇഖാമയുടെ ഫോട്ടോ ആഭ്യന്തര മന്ത്രാലയം എടുത്തിട്ടുണ്ട്. ഇതിലേക്ക് പിന്നീട് പിഴ ചുമത്തുകയാണ് ചെയ്യുന്നത്. മതിയായ രേഖകളോടെയാണ് പുറത്തിറങ്ങിയതെങ്കില്‍ പിഴക്കെതിരെ അബ്ഷീര്‍ വഴി തന്നെ അപ്പീല്‍ നല്‍കാം. രാവിലെ അത്യാവശ്യ വസ്തുക്കള്‍ വാങ്ങി പെട്ടെന്ന് റൂമിലേക്ക് അണയുകയാണിപ്പോള്‍ എല്ലാവരും. പൊടുന്നനെയാണ് പലഭാഗത്തും സുരക്ഷാ വിഭാഗം എത്തുന്നത്. ഇതോടെ പുറത്ത് നില്‍ക്കുകയായിരുന്ന പലരും പെട്ടു.

മദീനയില്‍ അതിരാവിലെ പുറത്തിറങ്ങി വസ്തുക്കള്‍ വാങ്ങി വീടണയുകയാണ് ജനങ്ങള്‍. ചിലര്‍ നേരത്തെ ദിവസങ്ങള്‍ക്കുള്ള ഭക്ഷണം വാങ്ങിവെച്ചതിനാല്‍ പുറത്തിറങ്ങുന്നുമില്ല. പരമാവധി അകത്തിരിക്കാനാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇന്നു മുതല്‍ രോഗസംഖ്യയില്‍ ഗണ്യമായ വര്‍ധന വന്നിട്ടുണ്ട്. ഇതിനാല്‍ കര്‍ശനമാവുകയാണ് നിയന്ത്രണം.

Similar News