ദമ്മാം അല്‍അതീര്‍ മേഖല പൂര്‍ണ്ണമായും അടച്ചു: കോവിഡ് പ്രതിരോധം ശക്തമാക്കി; സൗദിയില്‍ വൈദ്യുതി ബില്‍ ഇളവ്
കോവിഡ് രോഗ ബാധിതരുടെ എണ്ണം ദിനേന വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളും പരിശോധനകളും മന്ത്രാലയങ്ങള്‍ ശക്തമാക്കിയത്
സൗദിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം അല്‍അതീര്‍ മേഖല പൂര്‍ണ്ണമായും അടച്ചു. കോവിഡ് രോഗ ബാധിതരുടെ എണ്ണം ദിനേന വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളും പരിശോധനകളും മന്ത്രാലയങ്ങള്‍ ശക്തമാക്കിയത്. വിദേശ തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ഇടങ്ങളിലൊന്നാണ് അടച്ച ഈ മേഖല. ഇതിനിടെ ലേബര്‍ ക്യാമ്പുകളില്‍ നിന്നും തൊഴിലാളികളെ സ്‌കൂളുകളില്‍ താല്‍ക്കാലികമായി സജ്ജീകരിച്ച താമസ കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുന്ന പ്രക്രിയ തുടരുകയാണ്.
കഴിഞ്ഞ ദിവസം ഈ മേഖലയില്‍ നിന്നും കോവിഡ് രോഗ ബാധ സംശയത്തെ തുടര്‍ന്ന് ചിലര്‍ ചികില്‍സ തേടിയ പശ്ചാതലത്തിലാണ് നടപടി. ദമ്മാം ജുബൈല്‍ ഹൈവേക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന അല്‍ അതീര്‍ മേഖലയിലാണ് നിയന്ത്രണങ്ങളും പരിശോധനയും ശക്തമാക്കിയത്. ഈ മേഖല പൂര്‍ണ്ണമായി അടച്ചിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തേക്ക് കടക്കുവാനോ പുറത്ത് നിന്നുള്ളവര്‍ക്ക് ഇവിടുത്തേക്ക് പ്രവേശിക്കുവാനോ അനുവാദമുണ്ടാകില്ല.
ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘം ഇവിടെ ക്യാമ്പ് ചെയ്താണ് പരിശോധനകള്‍ നടത്തി വരുന്നത്. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സ്വന്തം വീടുകളില്‍ നിന്നും പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ട്. ഇതിനിടെ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കുന്ന പ്രക്രിയ ദ്രുതഗതിയില്‍ തുടരുകയാണ്. ആയിരകണക്കിന് തൊഴിലാളികളെ ഇതിനകം താല്‍ക്കാലികമായി സജ്ജീകരിച്ച കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. രോഗ വ്യാപനം തടയുന്നതിന് പ്രവിശ്യാ ഗവര്‍ണറേറ്റിന്റെയും മുന്‍സിപ്പല്‍, ആരോഗ്യ മന്ത്രാലയങ്ങളുടെയും നേതൃത്വത്തില്‍ സത്വര നടപടികളാണ് സ്വീകരിച്ചു വരുന്നത്.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചത്. വ്യാപാര, വ്യാവസായിക, കാര്‍ഷിക മേഖലകളിലെ സ്ഥാപനങ്ങള്‍ക്ക് ഇത് വഴിയ ഏപ്രില്‍, മെയ് മാസങ്ങളിലെ വൈദ്യുതി കരത്തില്‍ മുപ്പത് ശതമാനം ഇളവ് ലഭിക്കും. തുടര്‍ സാഹചര്യങ്ങള്‍ വിലയിരുത്തി ആനൂകൂല്യം പിന്നീട് ദീര്‍ഘിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. ഇത്തരം സ്ഥാപനങ്ങളുടെ വൈദ്യുതി ബില്ലിന്റെ അന്‍പത് ശതമാനം ഇപ്പോള്‍ അടച്ചാല്‍ മതിയെന്നും ബാക്കി വരുന്ന തുക ഗഡുക്കളായി അടക്കുന്നതിന് അടുത്ത വര്‍ഷം ജൂണ്‍ വരെ സമയവും അനുവദിച്ചിട്ടുണ്ട്. സാഹചര്യമനുസരിച്ച ഈ കാലാവധിയും പിന്നീട് ദീര്‍ഘിപ്പിച്ച് നല്‍കാനും നിര്‍ദ്ദേശം നല്‍കി. കമ്പനികളുടെ കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിന് അന്‍പത് ബില്യണ്‍ റിയാലും അനുവദിച്ചിട്ടുണ്ട്.