സൗദിയില്‍ പള്ളികളിലും ഫ്ലാറ്റുകളിലും ഒന്നിച്ചുള്ള നോമ്പുതുറയും നമസ്കാരങ്ങളും ക്ലാസുകളും പാടില്ല; കോവിഡ് സാഹചര്യത്തിലെ നിര്‍ദേശം ലംഘിച്ചാല്‍ നടപടി

രാജ്യത്തെ ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്‍റെ കീഴില്‍ ഓണ്‍ലൈന്‍ പഠനങ്ങളും സെമിനാറുകളും ഖുര്‍ആന്‍ ക്ലാസുകളും തുടരും

Update: 2020-04-23 14:18 GMT

സൗദിയില്‍ നേരത്തെ പ്രഖ്യാപിച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം. ഫ്ലാറ്റുകളില‍ും പള്ളികളിലും ഒന്നിച്ചുള്ള നമസ്കാരവും നോമ്പു തുറയും പാടില്ല. ഖുര്‍ആന്‍ ക്ലാസുകളും മതബോധന ക്ലാസുകളും ഓണ്‍ലൈനായി തുടരാം. കൂട്ടം കൂടുന്നത് രാജ്യത്ത് നേരത്തെ വിലക്കിയിട്ടുണ്ട്. ഇതിന് വിരുദ്ധമായ നടപടികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 1933 എന്ന നമ്പറില്‍ ബന്ധപ്പെടാനും ഇസ്ലാമിക കാര്യ മന്ത്രാലയം നിര്‍ദേശിച്ചു.

കോവിഡ് പടരുന്ന സാഹചര്യത്തില്‍ സംയുക്ത നോമ്പ് തുറക്കുള്ള സംഭാവനകളൊന്നും പള്ളികളില്‍ സ്വീകരിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൌദിയില്‍ നിന്നും വിദേശ രാജ്യങ്ങള്‍ക്ക് നല്‍കാറുള്ള ഈത്തപ്പഴം ഇത്തവണയും കയറ്റി അയച്ചിട്ടുണ്ട്. 200 ടണ്‍ ഈത്തപ്പഴം ഉള്‍പ്പെടെയുള്ള ഇരുഹറം കാര്യാലയത്തിന്റെ സമ്മാനങ്ങളും ഉടന്‍ 24 രാജ്യങ്ങളിലെത്തും. രാജ്യത്തെ ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്‍റെ കീഴില്‍ ഓണ്‍ലൈന്‍ പഠനങ്ങളും സെമിനാറുകളും ഖുര്‍ആന്‍ ക്ലാസുകളും തുടരും. വീടുകളില്‍ ഇരുന്ന് മഹാമാരിയുടെ കാലത്തെ പ്രതിരോധിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

Similar News