സൗദിയില്‍ സഹായങ്ങള്‍ സ്വീകരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കി ഉത്തരവിറങ്ങി
സഹായ വിതരണം നടത്താനുള്ള ഒരുക്കങ്ങളും അവ തയ്യാറാക്കുന്നതിന്‍റെ ദൃശ്യങ്ങളും പകര്‍ത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും തടസ്സമില്ല
റമദാനിലും ഇതര സമയങ്ങളിലും സഹായം നല്‍കുമ്പോള്‍ ഗുണഭോക്താക്കളുടെ ചിത്രം എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും മാനവ വിഭവശേഷി മന്ത്രാലയം നിരോധിച്ചു. വ്യക്തികളുടെ സ്വകാര്യത മാനിച്ചാണ് മന്ത്രാലയത്തിന്‍റെ നടപടി. വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സഹായം വ്യക്തികള്‍ക്ക് കൈമാറുന്നതിന്‍റെ ചിത്രം എടുക്കാന്‍ പാടില്ല.
എന്നാല്‍ റമദാനിലടക്കം സഹായ വിതരണം നടത്താനുള്ള ഒരുക്കങ്ങളും അവ തയ്യാറാക്കുന്നതിന്‍റെ ദൃശ്യങ്ങളും പകര്‍ത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും തടസ്സമില്ല. മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തുകയും പുറത്തു വിടുകയും ചെയ്യാം. എന്നാല്‍ അതിലൊന്നും ഗുണഭോക്താക്കളുടെ ചിത്രങ്ങള്‍ പാടില്ല. സംഘടനകളുടേയും സന്നദ്ധ സംഘങ്ങളുടേയും റിപ്പോര്‍ട്ടുകളിലും ബ്രോഷറുകളിലും സഹായം സ്വീകരിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും മന്ത്രാലയം നിരോധിച്ചു.
ചെറുതും വലുതുമായ സംഘടനകള്‍ ചെറിയ സഹായങ്ങള്‍ നല്‍കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കാറുണ്ട്. സഹായം സ്വീകരിക്കുന്ന വ്യക്തികള്‍ ഗതികേട് കൊണ്ട് നിന്നു കൊടുക്കേണ്ട സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം പ്രവണത അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മന്ത്രാലയത്തിന്‍റെ തീരുമാനം.