സൗദിയില്‍ ഇന്നത്തെ 1325 പേരില്‍ 85% പ്രവാസികള്‍: നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു; പ്രവാസികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടി വരും
നിലവില്‍ അസുഖം സ്ഥിരീകരിക്കുന്നവരില്‍ ഭൂരിഭാഗവും പ്രവാസികളാണ്. ഇന്നും 85 ശതമാനം രോഗബാധിതര്‍ പ്രവാസികള്‍ തന്നെ
സൌദിയില്‍ കോവിഡ് ബാധിച്ച് അഞ്ച് പേര്‍ കൂടി മരിച്ചു. മരിച്ചവരെല്ലാം പ്രവാസികളാണ്. ഇന്ന് 1325 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 157 ഉം രോഗികള്‍ 21402 ഉം ആയി. 125 പേര്‍ ഗുരുതരാവസ്ഥയിലാണ്. 2953 പേര്‍ക്കാണ് ആകെ രോഗമുക്തി. 169 പേര്‍ക്കാണ് ഇന്ന് മാത്രം രോഗമോചനമുണ്ടായത്. മക്ക 356, മദീന 225, ജിദ്ദ 224, റിയാദ് 203, ദമ്മാം 74, ഹുഫൂഫ്42, ഖോബാര്‍ 36, ജുബൈല്‍ 23 എന്നിങ്ങിനെയാണ് ഇന്നത്തെ ഉയര്‍ന്ന രോഗസംഖ്യ. വിശദമായ പട്ടിക താഴെയുണ്ട്.
മക്കയിലും പൂര്‍ണമായി ഐസൊലേറ്റ് ചെയ്ത മേഖലയിലുമാണ് 24 മണിക്കൂര്‍ കര്‍ഫ്യൂ ഇപ്പോഴുള്ളത്. രാജ്യത്തെ ബാക്കിയുള്ള എല്ലാ ഭാഗങ്ങളിലും കര്‍ഫ്യൂ സമയം 16 മണിക്കൂറാണ്. അതായത് രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ എല്ലാവര്‍ക്കും പുറത്തിറങ്ങാം. ഇന്നു മുതല്‍ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും കോണ്‍ട്രാക്ടിങ് ഫാക്ടറി മേഖലയിലെ സ്ഥാപനങ്ങളുമെല്ലാം പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.
കര്‍ശനമായ നിബന്ധനകളോടെയാണ് കടകള്‍ തുറക്കുന്നതും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും. ആളുകളുടെ താപ നില പരിശോധിക്കലും സ്ഥാപനത്തില്‍ പ്രവേശിക്കുന്നവര്‍ കയ്യുറയും മാസ്കും ധരിക്കുകയും വേണം. സ്ഥാപനം ഇടക്കിടെ അണുമുക്തമാക്കുകയും വേണം. ലംഘനമുണ്ടായാല്‍ വന്‍ തുക പിഴ ഈടാക്കി സ്ഥാപനമടക്കും. ഇന്ന് നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ ലഭിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് വിദേശികളാണ്. നിലവില്‍ അസുഖം സ്ഥിരീകരിക്കുന്നവരില്‍ ഭൂരിഭാഗവും പ്രവാസികളാണ്. ഇന്നും 85 ശതമാനം രോഗബാധിതര്‍ പ്രവാസികള്‍ തന്നെ. പ്രവാസികളായ ആളുകള്‍ റോഡരികില്‍ കറങ്ങി നടക്കുന്നതും കൂട്ടി കൂടി നില്‍ക്കുന്നതുമായ ദൃശ്യങ്ങള്‍ സൌദി മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇതിനാല്‍ പരിശോധന കര്‍ശനമാക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. കര്‍ഫ്യൂ ഇല്ലാത്ത സമയത്ത് പോലും കൂട്ടം കൂടി നിന്നവര്‍ക്ക് പതിനായിരം റിയാല്‍ പിഴ ഈടാക്കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങി നിന്ന് പിഴ ലഭിച്ചാല്‍ അപ്പീല്‍ നല്‍കിയാല്‍ പരിഗണിക്കുക പോലുമില്ല. ഇന്നത്തെ പട്ടണങ്ങള്‍ തിരിച്ചുള്ള കണക്ക് താഴെ.