സൗദിയില്‍ നാളെ മുതല്‍ താമസകേന്ദ്രങ്ങളില്‍ കോവിഡ് പരിശോധനക്ക് ശക്തമാക്കുന്നു; രാജ്യത്താകെ ഒന്നര കോടിയോളം ടെസ്റ്റുകള്‍ നടത്തും
നിലവില്‍ ഇരുന്നൂറോളം സംഘങ്ങളായി തിരിഞ്ഞ് ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തുന്നുണ്ട്
സൗദിയില്‍ നാളെ മുതല്‍ താമസകേന്ദ്രങ്ങള്‍ തോറും പരിശോധനക്ക് തുടക്കമാകും. സൌദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഇരുന്നൂറോളം സംഘങ്ങളായി തിരിഞ്ഞ് ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തുന്നുണ്ട്. പരിശോധന തുടങ്ങിയതോടെ നൂറുകണക്കിന് കേസുകളാണ് ലേബര്‍ ക്യാമ്പുകളില്‍ നിന്നും വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ നിന്നും കണ്ടെത്തിയത്. ഒന്നര കോടിയോളം പേര്‍ക്കാണ് ടെസ്റ്റുകള്‍ നടത്തുക.
സമാന രീതിയില്‍ രാജ്യത്തെ ഒരോ പാര്‍പ്പിട മേഖലയിലും പരിശോധന നടത്തുവാനാണ് പദ്ധതി. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മന്ത്രാലയത്തിന്റെ നടപടിയുണ്ടാകും. ഏറെ സമയമെടുക്കുന്നതിനാല്‍ ഘട്ടം ഘട്ടമായാണ് ഈ പരിശോധന പൂര്‍ത്തിയാക്കുക. രോഗപ്പടര്‍ച്ചാ സാധ്യതയുള്ള മേഖലകളില്‍ കയറിയിറങ്ങി ആളുകളുടെ താപനില പരിശോധിക്കും. എന്നാല്‍ ഓരോ വീടുകളിലും കയറിയിറങ്ങിയാകില്ല പരിശോധനയെന്ന് അറബ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി മന്ത്രാലയം വിശദീകരിച്ചു.
38ന് മുകളില്‍ ശരീരതാപനിലയുള്ളവര്‍ക്ക് കോവിഡ് മാര്‍ഗരേഖ അനുസരിച്ചുള്ള ടെസ്റ്റുകള്‍ നടത്തും. ലക്ഷണം കണ്ടെത്തിയാല്‍ സ്രവം തത്സമയം പരിശോധിക്കും. ഫലം വരുന്ന മുറക്ക് ഐസൊലേഷനിലേക്ക് മാറ്റും. സമാന രീതിയാണ് നിലവില്‍ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല കേന്ദ്രീകരിച്ച് നടക്കുന്നത്. കഴിഞ്ഞ ദിവസം സൗദിയില്‍ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതായി ചൈനയുമായി കരാര്‍ ഒപ്പു വെച്ചിരുന്നു. തൊണ്ണൂറ് ലക്ഷം കോവിഡ് കിറ്റുകളാണ് ഇതിനായി സൌദിയിലെത്തുന്നത്.
അഞ്ഞൂറ് പേരുടെ വിദ്ഗദ സംഘമാണ് ചൈനയില്‍ നിന്നും സൌദിയിലെത്തുക. വലിയ ആറ് റീജണല്‍ ലാബുകളും രാജ്യത്ത് കരാറിന്‍റെ ഭാഗമായി സ്ഥാപിക്കും. ഒരു ദിവസം പതിനായിരം ടെസ്റ്റുകള്‍ നടത്താവുന്ന മൊബൈല്‍ ലബോറട്ടറികളും ഇതില്‍ പെടും. ഒരു കോടി നാല്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ആകെ ടെസ്റ്റുകള്‍ നടത്തുക. ഇതില്‍ 90 ലക്ഷം പേര്‍ക്ക് ചൈനയുമായുള്ള കരാറിലൂടെ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കും. ബാക്കിയുള്ളവര്‍ക്ക് അമേരിക്ക, സ്വിറ്റ്സര്‍ലണ്ട്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയും ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കും