സൗദിയില്‍ ഇന്നും ആയിരത്തിലേറെ പേര്‍ക്ക് അസുഖം മാറി: കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 2788; പരിശോധന നിര്‍ണായക ഘട്ടത്തിലെന്ന് മന്ത്രാലയം
സൌദിയില്‍ ഒമ്പത് പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ മരണ സംഖ്യ 209 ആയി. ഇന്ന് 1687 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 31938 ആയി. ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 1352 പേര്‍ക്കാണ് രോഗമുക്തി. സൌദിയില്‍ ഇതുവരെ 2788 ഇന്ത്യക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21 പേര്‍ മരണപ്പെടുകയും ചെയ്തു. വിശദമായ പട്ടിക ഏറ്റവും താഴെ കാണാം.
ഇന്ന് പോസിറ്റീവ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്ക: 308 മദീന: 292 ജിദ്ദ: 312 റിയാദ്: 149 ദമ്മാം: 84 ജുബൈല്‍: 93 എന്നിങ്ങിനെയാണ്. ഇന്ന് മക്കയിലും മദീനയിലും ജിദ്ദയിലും റിയാദിലും ഇരുന്നൂറ് മുതല്‍ നാന്നൂറ് വരെ ആളുകള്‍ക്ക് അസുഖ മോചനം ഉണ്ടായിട്ടുണ്ട്. 2788 ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് എന്ന് എംബസി അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ചയിലെ കണക്കാണിത്. 21 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്.
എംബസി രേഖ പ്രകാരം മരിച്ച മലയാളികള്‍ ആറാണ്. എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ നേരിട്ട് ഇടപെട്ട ചില കേസുകളില്‍ നിന്നും രണ്ടു പേരുടെ മരണം കൂടി കോവിഡ് കാരണമാണെന്ന് കണ്ടെത്തിയിരുന്നു. അതും കൂടി ചേരുമ്പോള്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടാണ്. ഇരുപത്തിയാറ് ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് സൌദിയിലുള്ളത്. സൌദിയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഇന്ത്യാക്കാരുടെ എണ്ണം താരതമ്യേന കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആകെയുള്ള 209 മരണങ്ങളില്‍ 21 പേരാണ് ഇന്ത്യക്കാര്‍.