സൗദിയില്‍ ആകെ കോവിഡ് കേസുകളില്‍ പകുതിയിലേറെ പേര്‍ക്കും അസുഖം മാറി
സൌദിയില്‍ ഇന്ന് 3026 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇന്ന് 2563 പുതിയ കേസുകളും എട്ട് മരണങ്ങളും സ്ഥിരീകരിച്ചു. ആകെ മരണം 320 ആണ്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 57345 ആയി. രോഗം മാറിയവരുടെ എണ്ണം 28748 ആയി. രോഗമുക്തി വര്‍ധിച്ചതോടെ നിലവില്‍ 28718 പേരാണ് ചികിത്സയില്‍. 237 പേര്‍ ഗുരുതരാവസ്ഥയിലുണ്ട്. 642 പോസിറ്റീവ് കേസുകളാണ് ഇന്ന് റിയാദിലുണ്ടായത്. ജിദ്ദ 305, മക്ക 510, മദീന 245, ദമ്മാം 174, ഹുഫൂഫ് 147, ഖോബാര്‍ 133, ഖതീഫ് 71, താഇഫ് 64, ദിരിയ്യ 44, ദഹ്റാന്‍ 34, ജുബൈല്‍ 33 എന്നിങ്ങിനിയാണ് മറ്റിടങ്ങളിലെ ഇന്നത്തെ പോസിറ്റീവ് കേസുകള്‍.
ആദ്യമായി സൌദിയില്‍ പോസിറ്റീവിനേക്കാളും (2593) നെഗറ്റീവ് കേസുകള്‍ (3026) റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിത്. ചികിത്സയിലുള്ളവരേക്കാള്‍ കൂടുതല്‍ രോഗമുക്തി സ്ഥിരീകരിച്ച ദിവസവും ഇന്നാണ്. ഇതോടെ സൌദിയില്‍ ആകെ അസുഖം സ്ഥിരീകരിച്ചവരുടെ പകുതിയേറെയായി രോഗമുക്തി നേടിയവരുടെ എണ്ണം ഉയര്‍ന്നു. 28748 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പുറത്തിറക്കിയ മവീദ് (Mawid) ആപ്ലിക്കേഷന്‍ വഴിയാണ് ഇപ്പോള്‍ കോവിഡ് ടെസ്റ്റ് പ്രധാനമായും നടത്തുന്നത്. ഓരോരുത്തര്‍ക്കും ഈ ആപ്ലിക്കേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. അബ്ഷീറിന്‍റെ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ചാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.
ഇതിന് ശേഷം ആപ്ലിക്കേഷന്‍ തുറന്ന് അപ്പോയിന്റ്മെന്‍റ് എടുത്ത് പിഎച്ച്സിയില്‍ പോയി ഡോക്ടറെ കാണാം. പരിശോധനക്ക് ശേഷം കോവിഡ് ടെസ്റ്റ് ആവശ്യമാണെങ്കില്‍ ഡോക്ടര്‍ അറിയിക്കും. തുടര്‍ന്ന് 48 മണിക്കൂറിനകം സ്രവ പരിശോധനക്കുള്ള അപ്പോയിന്റ്മെന്റ് എസ്എംഎസായി ഫോണില്‍ ലഭിക്കും. ലൊക്കേഷനും ഇതിലുണ്ടാകും. പറഞ്ഞ സമയത്ത് പിഎച്ച്സിയില്‍ എത്തിയാല്‍ സ്രവം പരിശോധനക്കയക്കും. മൂന്ന് ദിവസത്തിനകം ഫലം വരും.മവീദ് ആപ്ലിക്കേഷന്‍ ഉപയോഗിക്കേണ്ട രീതി കാണാം :
പോസിറ്റാവാണ് റിസള്‍ട്ടെങ്കില്‍ എസ്എംഎസ് ലഭിക്കും. പിന്നാലെ മന്ത്രാലയത്തില്‍ നിന്നും ഗുരുതര പ്രയാസമുണ്ടെങ്കില്‍ ആംബുലന്‍സ് വഴി മാറ്റും. പ്രയാസങ്ങളില്ലെങ്കില്‍ ഐസൊലേഷനില്‍ മരുന്നുകള്‍ കഴിച്ച് തുടരണം. ഇക്കാര്യത്തില്‍ ഓരോ കോവിഡ് കേസിനും അനുസരിച്ച് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.
ഒരു ഫ്ലാറ്റില്‍ ആര്‍ക്കെങ്കിലും പോസിറ്റീവായാല്‍ ആ ഫ്ലാറ്റിലെ ആരും രണ്ടാഴ്ചത്തേക്ക് പുറത്തിറങ്ങരുതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പോസിറ്റീവ് ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരും ഐസൊലേഷനിലാകണം. ഇതിന് പുറമെ ജനനിബിഢമായ മേഖലകളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് ഒന്നിച്ചുള്ള ടെസ്റ്റിങ് രീതിയും മന്ത്രാലയും തുടരുന്നുണ്ട്. ഒപ്പം വിവിധ കമ്പനികളുടെ താമസ കേന്ദ്രങ്ങളിലും പരിശോധന തുടരുകയാണ്.
സഹായത്തിന് സന്നദ്ധ സംഘടനകളേയോ ആരോഗ്യ മന്ത്രാലയത്തേയോ ബന്ധപ്പെടാം. വീടുകളില്‍ ഐസൊലേഷന്‍ സൌകര്യമില്ലാത്തവരെ സ്കൂള്‍ കെട്ടിടങ്ങളിലേക്കോ ഹോട്ടലുകളിലേക്കോ ആണ് മാറ്റുക. മരുന്നുകള്‍ക്ക് ശേഷം നെഗറ്റീവിനായി രണ്ട് ടെസ്റ്റുകള്‍ നടത്തും. രണ്ടും നെഗറ്റീവായാലേ പുറത്ത് പോകാന്‍ പാടുള്ളൂ. പോസിറ്റീവായ ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഇത് ശ്രദ്ധിക്കണം.
കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായുള്ള പകര്‍ച്ചപ്പനികളാണെന്ന് കരുതി പലരും കോവിഡ് ടെസ്റ്റുകള്‍ നടത്താതിരിക്കുന്നതും പുറത്തിറങ്ങുന്നതും രോഗപ്പടര്‍ച്ചക്ക് കാരണമാകുന്നുണ്ട്. പുറത്തിറങ്ങുന്ന പലരും മാസ്കും ഗ്ലൌസും ധരിക്കാത്തതും ഇടപകലും കോവിഡ് പടര്‍ച്ചക്ക് ആക്കം കൂട്ടുന്നു. മുന്നിലുള്ളവന് കോവിഡ് ഉണ്ടെന്ന ജാഗ്രതയില്‍ വേണം ഇക്കാലത്ത് പെരുമാറാനെന്ന് ആരോഗ്യ പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കുന്നു.
ഫലം പോസിറ്റീവാണെങ്കില്‍ പോലും ലക്ഷണങ്ങള്‍ക്കുള്ള മരുന്ന് കഴിക്കുന്നതിലൂടെ വേഗത്തില്‍ അസുഖം മാറുന്നുണ്ട്. നേരത്തെ വിവിധ രോഗങ്ങള്‍ ഉള്ളവരും മദ്യപാനവും പുകവലിയും ഉള്ളവരുമാണ് കോവിഡ് ബാധിക്കുന്നതിലൂടെ ഏറെ പ്രയാസമനുഭവിക്കുന്നതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.കോവിഡിന്‍റെ പ്രധാന ലക്ഷണങ്ങളായ പനി, ശരീര വേദന, ഗന്ധം ലഭിക്കാതിരിക്കല്‍ എന്നിവയുള്ളവര്‍ക്ക് മരുന്നുകളിലൂടെ ചികിത്സ നല്‍കി കോവിഡ് ടെസ്റ്റുകള്‍ നടത്തുമ്പോള്‍ നെഗറ്റീവാകുന്നുണ്ട്.
എന്നാല്‍ ശ്വാസ തടസ്സം, വരണ്ട ചുമ, ഗുരുതര അലര്‍ജി പ്രശ്നങ്ങള്‍, നേരത്തെ ഗുരുതര ആരോഗ്യ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നിവരെല്ലാം ആശുപത്രി ചികിത്സ വേഗത്തില്‍ നേടണം. നിലവില്‍ ആശുപത്രികളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യം ഇപ്പോഴുണ്ട്. ഇതിനാല്‍ വലിയ പ്രയാസമുള്ളവര്‍ മുന്‍കൂട്ടി സ്വകാര്യ ആശുപത്രികളിലെ ഈ സൌകര്യം ഉപയോഗപ്പെടുത്തണം.
ഇന്നത്തെ വരെ കണക്ക് പ്രകാരം മവീദ് ആപ്ലിക്കേഷന്‍ വഴി പത്ത് ലക്ഷത്തോളം പേരാണ് പിഎച്ച്സികള്‍ വഴി ഡോക്ടര്‍മാരെ കണ്ടത്. ഇതുവഴി മുവ്വായിരത്തോളം പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഓരോ ദിവസവും പതിനയ്യായിരത്തിനു മുകളില്‍ കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. മക്കയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്. 135 പേര്‍ ഇവിടെ മരിച്ചു. ജിദ്ദയില്‍ 95 പേരും മദീനയില്‍ 42 പേരും റിയാദില്‍ 18 പേരും മരിച്ചു.
11766 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ച മക്കയില്‍ 4686 പേര്‍ മാത്രമേ ഇപ്പോള്‍ ചികിത്സയിലുള്ളൂ. ബാക്കിയുള്ളവരുടെ റിസള്‍ട്ടുകള്‍ നെഗറ്റീവായിട്ടുണ്ട്. 10818 കേസുകളുള്ള റിയാദില്‍ അയ്യായിരം പേരാണ് ചികിത്സയിലുള്ളത്. 9590 കേസുകളുള്ള ജിദ്ദയില്‍ 5118 പേര്‍ ചികിത്സയില്‍ തുടരുന്നു. 7847 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ച മദീനയില്‍ 3340 പേരേ ചികിത്സയിലുള്ളൂ.
വലിയ തോതില്‍ രോഗമുക്തി നേടുന്നതാണ് സൌദിയുടെ നേട്ടം. എന്നാല്‍ വിദേശകളടക്കം ജാഗ്രതയും മുന്നൊരുക്കവും കൂടെ പുറത്തിറങ്ങുന്നതും ഇടപഴകുന്നതും അസുഖം പടരാന്‍ കാരണമായിട്ടുണ്ട്. അത്തരം ഇടങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാത്തത് മലയാളികള്‍ക്കും അസുഖം പടരാന്‍ കാരണമാകുന്നു. നിലവിലെ കണക്കുകളില്‍ വിദേശികള്‍ക്കൊപ്പം സ്വദേശികള്‍ക്കും അസുഖം പടരുന്നത് വര്‍ധിക്കുന്നുണ്ട്.
വിവിധ അസുഖങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ അത് കൃത്യമായി കഴിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിക്കുന്നു. ജാഗ്രതയും ശ്രദ്ധയും ഉണ്ടെങ്കില്‍ വേഗത്തില്‍ രോഗമുക്തിയും, അശ്രദ്ധയുണ്ടായാല്‍ അതിവേഗം പ്രയാസവും കോവിഡ് സൃഷ്ടിക്കുന്നുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് പോസിറ്റീവായാല്‍ പോലും നല്ല ഭക്ഷണ രീതിയും തിളപ്പിച്ചാറിയ ധാരാളം വെള്ളം കുടിക്കുന്നതും പ്രോട്ടീനുള്ള ഭക്ഷണം കഴിക്കുന്നതും മരുന്നുകള്‍ കൃത്യമായി തുടരുന്നതും വേഗത്തില്‍ രോഗമുക്തിക്ക് സഹായിക്കും.
അടിയന്തിര സാഹചര്യങ്ങളില്‍ വിവിധ ഡോക്ടര്‍മാരുമായി ബന്ധപ്പെടാന്‍ വിവിധ സംഘടനകളും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് മാത്രമേ മരുന്നുകള്‍ കഴിക്കാവൂ. പനിക്കുള്ള ഗുളികകള്‍ പോലും കൃത്യമല്ലാതെ ഉപയോഗിച്ചാല്‍ പ്രയാസമുണ്ടാകും. ഇതിനായി ഫോണ്‍ വഴിയും ഡോക്ടര്‍മാരെ ബന്ധപ്പെടാം. കമ്പനികളുടെ താമസ സ്ഥലങ്ങളില്‍ കോവിഡ് പടരുന്നുണ്ടെങ്കില്‍ ഇക്കാര്യം കമ്പനി മുഖാന്തിരം 937ലോ ആരോഗ്യ മന്ത്രാലയത്തിലോ അറിയിക്കണം.