കേരളത്തിലേക്കുള്ള യാത്രക്ക് റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി തേടി ഇന്ത്യന്‍ എംബസി; സൗദിയില്‍ കത്ത് നല്‍കി നടപടിയാകും വരെ തല്‍സ്ഥിതി തുടരാന്‍ സാധ്യത 

സൌദിയിലെ പ്രായോഗിക പ്രശ്നങ്ങള്‍ മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

Update: 2020-06-20 15:05 GMT

സൗദിയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രക്ക് റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി തേടി സൌദി വിദേശകാര്യ മന്ത്രാലയം വഴി സൌദിയിലെ ഇന്ത്യന്‍ എംബസി അപേക്ഷ സമര്‍പ്പിച്ചു. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പോകുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്തണമെന്നാണ് കത്തിലെ ആവശ്യം. കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. കേരള സംസ്ഥാനം ഏര്‍പ്പെടുത്തിയ പ്രത്യേക നിബന്ധന നടപ്പിലാക്കാന്‍, സൌദിയിലെ സ്വകാര്യ ക്ലിനിക്കുകളില്‍ റാപ്പിഡ് ടെസ്റ്റിന് അനുമതി നല്‍കണമെന്നാണ് കത്തിലെ ആവശ്യം. യാത്രാ ആവശ്യത്തിനുള്ള റാപ്പിഡ് ടെസ്റ്റായതിനാല്‍ കത്തിന് അനുകൂല തീരുമാനമുണ്ടാകും എന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

Advertising
Advertising

എംബസിയോട് കേരളം ആദ്യം ചാര്‍ട്ടേഡിന് മാത്രമാണ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള കത്താണ് എംബസി മന്ത്രാലയത്തിന് നല്‍കിയത്. റാപ്പിഡ് ടെസ്റ്റ് നടത്താന്‍ അനുമതി ലഭിച്ചാല്‍ വന്ദേഭാരത് വിമാനത്തില്‍ പോകുന്നവര്‍ക്കും ടെസ്റ്റ് നടത്താന്‍ പ്രായോഗിക തടസ്സമുണ്ടാകില്ല. എംബസി വഴി നയതന്ത്ര ഇടപെടല്‍ ആവശ്യമാണെന്നും അതു വരെ സൌദിയില്‍ തല്‍സ്ഥിതി തുടരേണ്ടി വരുമെന്നും മീഡിയവണ്‍ റിപ്പോര്‍‌ട്ട് ചെയ്തിരുന്നു. വാര്‍ത്തകള്‍ക്കും പ്രവാസി സംഘടനകളുടെ പ്രതിഷേധത്തിനും, ഇടതു പക്ഷ സംഘടനകളും നോര്‍ക്കയും പ്രായോഗിക പ്രശ്നം ചൂണ്ടിക്കാട്ടുകയും ചെയ്തതോടെ സംസ്ഥാനം ഈ മാസം 25 വരെ ടെസ്റ്റില്ലാതെ വരാമെന്ന് സംസ്ഥാനം തീരുമാനിച്ചിരുന്നു.

ഇനി, ഈ മാസം 25-നകം മന്ത്രാലയത്തില്‍ നിന്നും എംബസിക്ക് മറുപടി ലഭിച്ചില്ലെങ്കില്‍ അതുണ്ടാകും വരെ സൌദിയില്‍ തല്‍സ്ഥിതി തുടരാനാണ് സാധ്യത. ആര്‍‌ടി പിസിആര്‍ ടെസ്റ്റുകള്‍ സൌദിയില്‍ കോവിഡ് ലക്ഷണങ്ങളുളളവര്‍ക്ക് അപ്പോയിന്റ്മെന്റ് നല്‍കിയാണ് നടത്തുന്നത്. റാപ്പിഡ് കിറ്റുകള്‍ക്ക് സൌദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അനുമതിയുണ്ട്. എന്നാല്‍ ടെസ്റ്റിന് മന്ത്രാലയത്തിന്റെ അനുമതി വേണം. കൃത്യത കുറവ് കാരണമാണ് റാപ്പിഡ്/ആന്റിബോഡ് ടെസ്റ്റുകള്‍ കോവിഡ് ഫലം കണ്ടെത്തുന്നതിവ് നടത്തുന്നത് ആരോഗ്യ മന്ത്രാലയം വിലക്കിയത്. ഇത് ഇതര ആവശ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായാണ് അടിയന്തിര ഘട്ടങ്ങളില്‍ ഇപ്പോള്‍ നടത്തുന്നത്.

ചില സ്വകാര്യ സ്ഥാപനങ്ങള്‍ റാപ്പിഡ് ടെസ്റ്റ് നടത്തിയതിന്റെ രേഖകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയതും. റാപ്പിഡ് ടെസ്റ്റ് നടത്താന്‍ എംബസി ശ്രമം നടത്തുന്നതും ഈ അനുമതി നേടാനാണ്. യാത്രക്കായി റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിന് മന്ത്രാലയം അനുമതി നല്‍കിയാല്‍ ഏതെങ്കിലും സ്വകാര്യ ക്ലിനിക്കുകളുമായി സഹകരിച്ച് റാപ്പിഡ് ടെസ്റ്റ് നടത്തി യാത്ര നടത്താനാണ് കേരളത്തിന്റെ ശ്രമം. ഇതിന് വിദേശകാര്യ മന്ത്രാലയം വഴി ആരോഗ്യമന്ത്രാലയത്തില്‍ അപേക്ഷ നല്‍കി മറുപടി ലഭിക്കണം. അതുവരെ തല്‍സ്ഥിതി തുടര്‍ന്നേക്കുമെന്നാണ് സൂചന.

Tags:    

Similar News