വാക്സിനെടുക്കുന്നവർ പാസ്പോർട്ട് നമ്പർ കൊടുക്കണമെന്ന് എംബസി; ഇന്ത്യാ സൗദി വിമാന സർവീസിൽ അനിശ്ചിതത്വം തുടരുന്നു

ഇന്ത്യൻ സമൂഹവുമായി ഓൺലൈനിൽ നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യൻ അംബാസിഡർ വിവരങ്ങൾ പങ്കുവെച്ചത്

Update: 2021-05-25 16:27 GMT

സൗദിയിലേക്ക് വരാനായി ഇന്ത്യയിൽ നിന്നും വാക്സിനെടുക്കുന്നവർ പാസ്പോർട്ട് നമ്പർ രേഖയായി സമർപ്പിക്കണമെന്ന് ഇന്ത്യൻ എംബസി. ആധാർ നമ്പറിന് പകരം വാക്സിൻ രജിസ്ട്രേഷൻ സമയത്ത് തന്നെ പാസ്പോർട്ട് നമ്പർ നൽകുന്നതോടെ സൗദിയിലെത്തുമ്പോഴുള്ള സാങ്കേതിക തടസ്സം ഒഴിവാകും. ഇന്ത്യയും സൗദിയും തമ്മിലുള്ള വിമാന സർവീസ് തുടങ്ങുന്നതിന് ഉന്നത തല ചർച്ചകൾ പൂർത്തിയായെന്നും കോവിഡ് കേസുകൾ വർധിച്ചതാണ് നിലവിലെ വിമാന വിലക്കിന് കാരണമെന്നും എംബസി അറിയിച്ചു.

ഇന്ത്യൻ സമൂഹവുമായി ഓൺലൈനിൽ നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദ് വിവരങ്ങൾ പങ്കുവെച്ചത്. സൗദിയും ഇന്ത്യയും തമ്മിലുള്ള വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് സൗദിയിലെ വിവിധ മന്ത്രാലയങ്ങളുമായും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും എംബസി ചർച്ച പൂർത്തിയാക്കിയിരുന്നു. കേസുകൾ പെട്ടെന്ന് വർധിച്ചതാണ് ഇന്ത്യാ-സൗദി വിമാന വിലക്കിന് കാരണം. സൗദിയിലേക്ക് ഇന്ത്യക്കാർക്ക് ഇതര വഴികൾ ഉപയോഗപ്പെടുത്തി വരാം. നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് വരുന്നവർ കോവിഡ് വാക്സിൻ സ്വീകരിക്കണം.സൗദി അംഗീകരിച്ച വാക്സിൻ സ്വീകരിക്കാതെ എത്തുന്നവർ ഒരാഴ്ച ക്വാറന്റൈനിലിരിക്കേണ്ടി വരും. ഓക്സ്ഫോർഡ് ആസ്ട്രസെനിക വാക്സിനും കോവിഷീൽഡും ഒന്നാണ്. കോവിഷീൽഡ് വാക്സിനേഷൻ പൂർത്തിയാക്കി വരുന്നവർക്ക് സൗദിയിലേക്ക് പ്രവേശനം ലഭിക്കും. സൗദി അധികൃതരുമായി ബന്ധപ്പെട്ട് കോവിഷീൾഡും, ആസ്ട്രാ സെനിക്കയും ഒന്നു തന്നെയാണന്ന് ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും അതിനാൽ ഒട്ടും ആശങ്കയില്ലാതെ കോവിഷീൾഡ് സീകരിച്ച സാക്ഷ്യ പത്രവുമായി സൗദിയിലേക്ക് വരാമെന്നും അംബാസഡർ പറഞ്ഞു

Advertising
Advertising

വാക്സിനെടുക്കുന്നവർ പാസ്പോർട്ടാണ് രേഖയായി നാട്ടിൽ നൽകേണ്ടത് . ആധാർ നമ്പർ നൽകിയാൽ സൗദി വിമാനാത്താവളങ്ങളിൽ സാങ്കേതിക തടസ്സമുണ്ടാകും. സൗദിയിൽ അംഗീകാരമില്ലാത്ത കോവാക്സിൻ ഉൾപ്പെടെയുള്ളവ നിലവിൽ എടുത്തു കഴിഞ്ഞവരുണ്ട്. ഇവരുടെ കാര്യം എംബസി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ എംബസിക്ക് സാധിക്കുന്ന രീതിയിലെല്ലാം ഇടപെടും. 1500 ലേറെ ഇന്ത്യക്കാർ ബഹ്റൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പൂർണമായി എത്തിക്കാനും ശ്രമം തുടരുകയാണ്. കോവിഡ് വാക്സിൻ സ്വീകരിച്ചവരെ മാത്രമാണ് കോസ്‍വേ വഴി കടത്തി വിടുന്നത്. ഇന്ത്യയിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കാനായതിന് സൗദി ഭരണകൂടത്തോട് അംബാസിഡർ നന്ദി പ്രകടിപ്പിച്ചു. ഇന്ത്യക്കാർക്കും ഇത്തവണ ഹജ്ജിൽ അവസമുണ്ടാകുമെന്നും വിവരങ്ങൾ ലഭിക്കുന്ന മുറക്ക് അറിയിക്കുമെന്നും അംബാസിഡർ അറിയിച്ചു. 

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News