യമനിലെ മിസൈല്‍ അക്രമണത്തിന്റെ ഉത്തരവാദിത്തം സഖ്യസേന ഏറ്റെടുത്തു

Update: 2017-04-28 13:42 GMT
Editor : Sithara
യമനിലെ മിസൈല്‍ അക്രമണത്തിന്റെ ഉത്തരവാദിത്തം സഖ്യസേന ഏറ്റെടുത്തു

തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്ന് സൗദി സഖ്യസേന വ്യക്തമാക്കി

യമനിലെ സന്‍ആയില്‍ 140 പേരുടെ മരണത്തിനിടയാക്കിയ കഴിഞ്ഞ ആഴ്ചയിലെ മിസൈല്‍ അക്രമണത്തിന്‍റെ ഉത്തരവാദിത്തം സൌദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഏറ്റെടുത്തു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്നും സൗദി സഖ്യസേന വ്യക്തമാക്കി. മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരവും പരിക്കേറ്റവര്‍ക്ക് വിദേശ ചികിത്സയും പ്രഖ്യാപിച്ചിട്ടുണ്ട്.

യമനിലെ സ്രോതസുകളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കെട്ടിടം ആക്രമിച്ചതെന്നും നടപടിക്ക് സൈനിക സഖ്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് അനുമതി നല്‍കിയിരുന്നില്ലെന്നും സംഭവം അന്വേഷിച്ച ജോയിന്‍റ് ഇന്‍സിഡന്‍റ് അസസ്മെന്‍റ് ടീം (ജെ.ഐ.എ.റ്റി) റിയാദില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. സൌദി പ്രസ് ഏജന്‍സിയാണ് ശനിയാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ മാസം എട്ടാം തിയതിയാണ് സന്‍ആയില്‍ നടന്ന ഒരു മരണാനന്തര ചടങ്ങിലേക്ക് മിസൈല്‍ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 140 പേര്‍ മരിക്കുകയും 600 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സന്‍ആയിലെ വിമത സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയുടെ പിതാവിന്റെ മരണാനന്തര ചടങ്ങാണ് ഹാളില്‍ നടന്നത്. മുതിര്‍ന്ന ഹൂതി നേതാക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആള്‍ക്കാര്‍ അനുശോചനം അറിയിക്കാന്‍ ഇവിടെ ഒത്തുകൂടിയിരുന്നു. ഇതിനിടയിലാണ് കെട്ടിടത്തിന് നേര്‍ക്ക് വ്യോമാക്രമണം ഉണ്ടായത്.

Advertising
Advertising

സഖ്യസേനക്ക് ഇന്‍റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്ന യമനി പ്രസിഡന്‍സി ഓഫ് ദ ജനറല്‍ ചീഫ് ഓഫ് സ്റ്റാഫില്‍ നിന്നാണ് ഈ പ്രദേശം ആക്രമിക്കണമെന്ന വിവരം കിട്ടിയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സെട്രല്‍ കമാന്‍ഡിന്‍റെ അനുമതി തേടാതെ സഖ്യസേനയുടെ യമനില്‍ സ്ഥിതി ചെയ്യുന്ന എയര്‍ ഓപറേഷന്‍ സെന്‍റര്‍ നടപടിക്ക് നിര്‍ദേശിക്കുകയായിരുന്നു. സാധാരണക്കാര്‍ക്ക് ജീവഹാനി ഉണ്ടാകുന്ന ആക്രമണം വേണ്ടെന്ന സഖ്യസേനയുടെ പൊതുധാരണ ലംഘിച്ചായിരുന്നു ഈ ആക്രമണം. സഖ്യസേനയുടെ ആക്രമണ നയം അടിയന്തരമായി പുനപരിശോധിക്കാനും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ഉന്നതതലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. പരിക്കറ്റവരെ വിദേശ രാജ്യങ്ങളിലെത്തിച്ച് ചികിത്സ നല്‍കും. ഇതിനായി 200 മില്യണ്‍ റിയാല്‍ അനുവദിച്ചിട്ടുണ്ട്. രോഗികളെ കൊണ്ടുപോകാനായി ഒമാന്‍ എയര്‍വേയ്സിന്റെ വിമാനം സന്‍ആ വിമാനത്താവളത്തില്‍ എത്തിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News