സാഹസിക, കായിക ടൂറിസത്തിന് കേളികൊട്ട്; അയൺമാൻ 70.3 മിഡിൽ ഈസ്റ്റ് ചാമ്പ്യൻഷിപ്പ് ഒമാനിൽ

ഫെബ്രുവരി 13 -14

Update: 2026-02-10 12:28 GMT

മസ്‌കത്ത്: എക്സ്പീരിയൻസ് ഒമാൻ - അയൺമാൻ 70.3 മസ്‌കത്ത് മിഡിൽ ഈസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 13 മുതൽ 14 വരെ നടക്കുമെന്ന് സംഘാടകർ. സാഹസിക, സ്പോർട്സ് ടൂറിസത്തിൽ രാജ്യത്തെ മുൻനിര ലക്ഷ്യസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി.

അയൺമാൻ 70.3 മസ്‌കത്ത് റേസ് മൂന്ന് വിഭാഗങ്ങളിലായി മൊത്തം 70.3 മൈൽ (ഏകദേശം 113 കിലോമീറ്റർ) ദൂരമാണുണ്ടാകുക. ഒമാൻ ഉൾക്കടലിൽ 1.9 കിലോമീറ്റർ ഓപ്പൺ-വാട്ടർ നീന്തൽ, ഒമാന്റെ തീരപ്രദേശത്തും മനോഹര സ്ഥലങ്ങളിലുമായി 90 കിലോമീറ്റർ സൈക്ലിങ് ലെഗ്, മസ്‌കത്ത് ബീച്ചുകളിൽ ഫിനിഷ് ചെയ്യുന്ന 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Advertising
Advertising

മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ ഇവന്റ്സ് ഫൗണ്ടേഷനുമായി സഹകരിച്ച് പൈതൃക, ടൂറിസം മന്ത്രാലയമാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. അയൺമാൻ ഗ്രൂപ്പിന്റെ ബാനറിൽ അയൺമാൻ 70.3 വേൾഡ് സീരീസിന്റെ ഭാഗവുമാണിത്. യോഗ്യത നേടുന്ന അത്ലറ്റുകൾക്ക് കായികരംഗത്തെ ആഗോള ഇവന്റുകളിലൊന്നായ അയൺമാൻ 70.3 വേൾഡ് ചാമ്പ്യൻഷിപ്പിൽ അവസരം ലഭിക്കും.

ഒമാൻ പൈതൃക, ടൂറിസം മന്ത്രാലയവും അയൺമാൻ ഗ്രൂപ്പും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തെ തുടർന്നാണ് ചാമ്പ്യൻഷിപ്പിന് രാജ്യം ആതിഥേയത്വം വഹിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ഒമാന്റെ വൈവിധ്യമാർന്ന ടൂറിസം രംഗത്തെ ഉയർത്തിക്കാട്ടാനും ആഗോള സ്പോർട്സ് ടൂറിസം ഭൂപടത്തിൽ സാന്നിധ്യം ശക്തിപ്പെടുത്താനുമുള്ള പ്രധാന അവസരമാണ് ചാമ്പ്യൻഷിപ്പ് നൽകുന്നതെന്ന് പൈതൃക, ടൂറിസം മന്ത്രാലയത്തിലെ ടൂറിസം പ്രമോഷൻ ഡയറക്ടർ ജനറൽ ഹൈതം മുഹമ്മദ് അൽ ഗസ്സാനി പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News