സൗദി ഓജര്‍, ബിന്‍ ലാദിന്‍ കമ്പനി ജീവനക്കാര്‍ക്ക് സൗജന്യ ചികില്‍സ

Update: 2017-08-27 18:58 GMT
Editor : Ubaid
സൗദി ഓജര്‍, ബിന്‍ ലാദിന്‍ കമ്പനി ജീവനക്കാര്‍ക്ക് സൗജന്യ ചികില്‍സ
Advertising

മാസങ്ങളായി ശമ്പളം മുടങ്ങിയതുകാരണം പ്രയാസമനുഭവിക്കുന്ന സൗദി ഓജര്‍, ബിന്‍ ലാദിന്‍ തുടങ്ങിയ കമ്പനികളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ചികില്‍സ നല്‍കും.

സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശം കണക്കിലെടുത്ത് സൗദി ഓജര്‍, ബിന്‍ ലാദിന്‍ കമ്പനി ജീവനക്കാര്‍ക്ക് സൗജന്യ ചികില്‍സ. സൗദി തൊഴില്‍ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സഹകരിച്ച് പദ്ധതി നടപ്പാക്കും. മുഴുവന്‍ ജീവനക്കാര്‍ക്കും ആനുകൂല്യം ലഭിക്കും.

മാസങ്ങളായി ശമ്പളം മുടങ്ങിയതുകാരണം പ്രയാസമനുഭവിക്കുന്ന സൗദി ഓജര്‍, ബിന്‍ ലാദിന്‍ തുടങ്ങിയ കമ്പനികളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ചികില്‍സ നല്‍കും. സൗദി തൊഴില്‍, സാമൂഹ്യ ക്ഷേമ മന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനിയും ആരോഗ്യ മന്ത്രി തൗഫീഖ് റബീഅയും തമ്മിലുണ്ടാക്കിയ കരാറിന്‍െറ അടിസ്ഥാനത്തിലാണ് ഇരു കമ്പനികളിലെയും മുഴുവന്‍ ജീവനക്കാര്‍ക്കും തൊഴില്‍ മന്ത്രാലയത്തിന്‍െറ ചിലവില്‍ സൗജന്യ ചികില്‍സ നല്‍കാനുള്ള തീരുമാനം. കരാറിന്‍െറ അടിസ്ഥാനത്തില്‍ രാജ്യത്തെ മെഡിക്കല്‍ സിറ്റികളിലൊഴികെയുള്ള മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും എമര്‍ജന്‍സിയല്ലാതെതന്നെ സാധാരണ രീതിയില്‍ ജീവനക്കാര്‍ക്ക് ചികില്‍സ തേടാനാവുമെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അത്യാവശ്യമെന്നുകണ്ടാല്‍ മെഡിക്കല്‍ സിറ്റികളിലേക്കും ചികില്‍സ നല്‍കുന്ന ആശുപത്രികള്‍ക്ക് രോഗിയെ റഫര്‍ ചെയ്യാം. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗിയുടെ ചികില്‍സ ചിലവുകളുടെ ബില്ലുകള്‍ തൊഴില്‍ മന്ത്രാലയത്തിന് കൈമാറും.

വേതനം താമസിച്ചതുകാരണം പ്രയാസപ്പെടുന്ന മുഴുവന്‍ ജീവനക്കാരുടെയും പ്രശ്നങ്ങള്‍ ഉടനെ പരിഹരിക്കണമെന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ നിര്‍ദ്ദേശം കണക്കിലെടുത്താണ് ചികില്‍സ പദ്ധതി നടപ്പാക്കുന്നതെന്ന് ഡാ. മുഫ്രിജ് അല്‍ഹഖ്ബാനി പറഞ്ഞു. ഇത്തരം ജീവനക്കാര്‍ക്ക് സൗജന്യമായി നിയമ സഹായം ലഭ്യമാക്കാനും ഫൈനല്‍ എക്സിറ്റില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദേശീയ വിമാനക്കമ്പനിയായ 'സൗദിയ' വഴി സൗജന്യ ടിക്കറ്റ് ലഭ്യമാക്കാനും സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News