സൌദിയില്‍ 60 വയസ്സിന് മുകളിലുള്ള വിദേശികളെ രണ്ട് പേരായി കണക്കാക്കുന്ന നിയമം; അഭിപ്രായ ശേഖരണം തുടരുന്നു
നിയമം പ്രാബല്യത്തില്‍ വന്നതായി ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
60 വയസ്സിന് മുകളിലുള്ള വിദേശികളെ രണ്ട് പേരായി കണക്കാക്കാനുള്ള നിയമത്തെ കുറിച്ചുള്ള അഭിപ്രായ ശേഖരണം തിങ്കാളാഴ്ച വരെ തുടരുമെന്ന് സൌദി മന്ത്രാലയം വ്യക്തമാക്കി. നിയമം പ്രാബല്യത്തില്‍ വന്നതായി ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
തൊഴില്‍ മന്ത്രാലയത്തിന്റെ 'മഅന്‍' എന്ന വെബ്സൈറ്റ് വഴിയാണ് തൊഴിലുടമകളും വിദഗ്ധരും അഭിപ്രായം രേഖപ്പെടുത്തേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശികളുടെ അനുപാതം വര്‍ധിപ്പിക്കല്‍ ലക്ഷ്യമാക്കിയാണ് 60 വയസ്സിന് മുകളിലുള്ള വിദേശികളെ നിതാഖാത്ത് വ്യവസ്ഥയില്‍ രണ്ട് തൊഴിലാളിയുടെ എണ്ണമായി പരിഗണിക്കുന്നത്. സ്വദേശിവത്കരണം മെച്ചപ്പെടുത്താന്‍ ഉത്തരവിട്ടുകൊണ്ട് 12 വര്‍ഷം മുമ്പ് പുറത്തിറക്കിയ രാജ കല്‍പനയുടെയും തൊഴില്‍ വിപണി മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ച് ആറ് വര്‍ഷം മുമ്പ് പുറത്തിറക്കിയ ഉന്നതസഭ വിജ്ഞാപനത്തിന്റെയും അടിസ്ഥാനത്തിലാണ് പുതിയ നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
എന്നാല്‍ ഏതാനും തൊഴിലുകള്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. സൗദിയില്‍ മുതല്‍മുടക്കുകാരായ വിദേശികള്‍, അക്കാദമിക തലത്തിലുള്ള ഉന്നത ജോലിക്കാര്‍, വൈദ്യരംഗത്തെ ചില പ്രൊഫഷനുകള്‍ക്കുമാണ് ഇളവുള്ളത്. ഇവര്‍ 60 കഴിഞ്ഞവരാണെങ്കിലും നിതാഖത്തില്‍ ഒരാളുടെ പരിഗണനയാണ് നല്‍കുക.