സൗദി അറേബ്യയുടെ പൊതുകടം ആറിരട്ടിയായി വര്‍ധിച്ചു

Update: 2017-10-04 03:31 GMT
Editor : Alwyn K Jose
സൗദി അറേബ്യയുടെ പൊതുകടം ആറിരട്ടിയായി വര്‍ധിച്ചു

സൗദി അറേബ്യയുടെ പൊതുകടം 274 ബില്യന്‍ റിയാലായി വര്‍ധിച്ചതായി ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

സൗദി അറേബ്യയുടെ പൊതുകടം 274 ബില്യന്‍ റിയാലായി വര്‍ധിച്ചതായി ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 20 മാസത്തിനകം രാഷ്ട്രത്തിന്റെ കടബാധ്യത ആറിരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ 236 ബില്യന്‍ സൗദിക്കകത്തുള്ളതും 38 ബില്യന്‍ വിദേശകടവുമാണെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

2014 ഡിസംബര്‍ 31ന് 44 ബില്യന്‍ റിയാലായിരുന്നു സൌദിയുടെ മൊത്തം കടം. 2016 ആഗസ്റ്റ് 31ലെത്തിയപ്പോഴേക്കും ഇത് 274 ബില്യനായി വര്‍ധിച്ചിച്ചതായി ധനകാര്യ മന്ത്രാലയം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 2015 ഡിസംബറില്‍ ഇത് 142 ബില്യനായിരുന്നു. പൊതുകടം നികത്താനുള്ള പരിഹാരമായി സാമ്പത്തിക വിദഗ്ധര്‍ നിര്‍ദേശിച്ച ഡോളര്‍ നിരക്കിലുള്ള വിദേശ ബോണ്ട് വില്‍പന ഉടന്‍ ആരംഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള നടപടികളും ധനകാര്യ മന്ത്രാലയം സ്വീകരിക്കും. സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വസ്റ്റ്മെന്റ് അതോറിറ്റിയുമായി (സാഗിയ) സഹകരിച്ചാണ് വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള നടപടികള്‍ നടത്തുക.

പൊതുകടം കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സൗദി ദേശീയ പരിവര്‍ത്തന പദ്ധതിയുടെയും വിഷന്‍ 2030ന്റെയും ഭാഗമാണെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. എണ്ണ വില വര്‍ധനവ് യാഥാര്‍ഥ്യമായാല്‍ രാഷ്ട്രത്തിന്റെ പൊതുകടത്തില്‍ ഗണ്യമായ കുറവ് വരുത്താനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News