സൗദി പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പളം കുറക്കില്ല; 21 ഇന ആനുകൂല്യങ്ങള്‍ കുറച്ചേക്കും
സൗദി പൊതുമേഖലയിലെ ജോലിക്കാരുടെ ശമ്പളം കുറക്കാന്‍ സര്‍ക്കാറിന് ഉദ്ദേശമില്ലെന്ന് സിവില്‍ സര്‍വീസ് മന്ത്രി ഖാലിദ് അല്‍അറജ്.
സൗദി പൊതുമേഖലയിലെ ജോലിക്കാരുടെ ശമ്പളം കുറക്കാന്‍ സര്‍ക്കാറിന് ഉദ്ദേശമില്ലെന്ന് സിവില്‍ സര്‍വീസ് മന്ത്രി ഖാലിദ് അല്‍അറജ്. എന്നാല്‍ 21 ഇനങ്ങളിലെ ആനുകൂല്യങ്ങള്‍ കുറക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. ധനമന്ത്രി ഇബ്രാഹീം അല്‍അസ്സാഫ്, പ്ലാനിങ് സഹമന്ത്രി മുഹമ്മദ് അത്തുവൈജിരി എന്നിവരോടൊപ്പം പ്രമുഖ അറബി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രിമാരുടെ ശമ്പളം 20 ശതമാനവും ശൂറ കൗണ്‍സില്‍ അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ 15 ശതമാനവും കുറച്ചുകൊണ്ട് സല്‍മാന്‍ രാജാവ് പുറത്തിറക്കിയ രാജവിജ്ഞാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ വ്യാപകമായി വേതനം വെട്ടിക്കുറക്കുമെന്ന് പ്രചരിച്ച സാഹചര്യത്തിലാണ് സിവില്‍ സര്‍വീസ് മന്ത്രിയുടെ വ്യക്തമാക്കല്‍. അതേസമയം ഏതാനും ചില ആനുകൂല്യങ്ങള്‍ കുറക്കാന്‍ മന്ത്രാലയത്തിന് ഉദ്ദേശമുണ്ട്.
നിലവിലുള്ള 156 ഇനം ആനുകൂല്യങ്ങളെ കുറിച്ച് സിവില്‍ സര്‍വീസ് മന്ത്രാലയം നടത്തിയ പഠനത്തെ തുടര്‍ന്ന് 21 ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കാനാണ് തീരുമാനം. 25 ഇനം ആനുകൂല്യങ്ങള്‍ക്ക് നിബന്ധനയും ഏര്‍പ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ശമ്പളം ഹിജ്റ മാസത്തിന് പകരം ഇംഗ്ളീഷ് മാസത്തിലേക്ക് മാറ്റിയതും ജനങ്ങള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായിരുന്നു. ഇതനുസരിച്ച് ഇംഗ്ളീഷ് മാസക്കണക്കിലുള്ള ആദ്യ ശമ്പളം ഒക്ടോബര്‍ 26ന് സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ലഭിക്കും.
പൊതുകടം കുറച്ചുകൊണ്ടുവന്ന് നിലവിലുള്ള സൂക്ഷിപ്പ് ധനം ഉപയോഗിച്ചും നിക്ഷേപ സംരംഭകരെ ആകര്‍ഷിച്ചും സാമ്പത്തിക മേഖല സന്തുലിതമായി നിലനിര്‍ത്താനാണ് രാഷ്ട്രം ഉദ്ദേശിക്കുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്ത ധനകാര്യ മന്ത്രി ഇബ്രാഹീം അല്‍അസ്സാഫ് പറഞ്ഞു. സര്‍ക്കാര്‍ ബോണ്ടുകള്‍ വിപണിയിലിറക്കുന്നത് ഇതിന്റെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.