സൌദിയില്‍ സ്വകാര്യ വാഹനം ടാക്സിയായി ഉപയോഗിക്കുന്ന വിദേശികള്‍ക്കെതിരെ നടപടി
സ്വകാര്യ വാഹനം ഉപയോഗിച്ച് ടാക്സി ഓടുന്ന വിദേശികളില്‍ നിന്ന് 5,000 റിയാല്‍ ഈടാക്കി വാഹനം പിടിച്ചെടുക്കുമെന്ന് സൗദി ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സ്വകാര്യ വാഹനം ഉപയോഗിച്ച് ടാക്സി ഓടുന്ന വിദേശികളില്‍ നിന്ന് 5,000 റിയാല്‍ ഈടാക്കി വാഹനം പിടിച്ചെടുക്കുമെന്ന് സൗദി ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വദേശി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പുതിയ ടാക്സി സേവനം ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് നിയമം കര്‍ശനമാക്കുന്നത്.
ഗതാഗത മന്ത്രാലയത്തിന്റെ നിബന്ധനകള്‍ക്ക് വിധേയമായി സ്വന്തം വാഹനം ഉപയോഗിച്ച് സ്വദേശികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുള്ള അവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വിദേശികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അനധികൃതമായി ടാക്സി സര്‍വ്വീസ് നടത്തുന്ന വിദേശികളുടെ വാഹനം പിടിച്ചെടുക്കും. അതോടൊപ്പം 5000 റിയാല്‍ പിഴയും നല്‍കേണ്ടിവരും. ഇലക്ട്രോണിക് ആപിന്റെ സഹായത്തോടെ ടാക്സി സേവനം നല്‍കുന്ന സ്ഥാപനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത സ്വദേശികള്‍ക്ക് സ്വന്തം വാഹനം ഉപയോഗിച്ച് തൊഴിലെടുക്കാനുള്ള സൗകര്യമാണ് മന്ത്രാലയം ഒരുക്കുന്നത്. 20നും 60നുമിടക്ക് പ്രായമുള്ള സ്വന്തമായി വാഹനവും ഡ്രൈവിങ് ലൈസന്‍സുമുള്ള സ്വദേശികള്‍ക്കാണ് സ്വയം തൊഴില്‍ പദ്ധതിയില്‍ ചേരാനാവുക. ഇത്തരത്തില്‍ തൊഴിലെടുക്കാന്‍ ആവശ്യമായ എണ്ണം സ്വദേശികള്‍ മുന്നോട്ടുവന്നതിനാല്‍ ഈ മേഖലയിലെ സേവനത്തിന് വിദേശികളെ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.
വാഹനത്തിന് മന്ത്രാലയം നിശ്ചയിച്ച ഗുണനിലവാരമുണ്ടായിരിക്കുക, മന്ത്രാലയം നല്‍കുന്ന പരിശീലനം പൂര്‍ത്തിയാക്കുക എന്നിവയും ഈ സേവനത്തിന് അനിവാര്യമാണ്. വിദേശികളെ ജോലിക്ക് നിശ്ചയിക്കരുതെന്ന് ഇത്തരത്തില്‍ സേവനം നല്‍കുന്ന കമ്പനികള്‍ക്കും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്പോണ്‍സര്‍മാരും സ്ഥാപനങ്ങളും തങ്ങളുടെ കീഴിലെ വിദേശി ജോലിക്കാര്‍ ഇത്തരം നിയമലംഘനത്തില്‍ ഇടപെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.