തീര്‍ഥാടകര്‍ക്ക് ഹജ്ജ് നിഷേധിച്ചത് ഇറാനെന്ന് സൗദി

Update: 2018-05-15 23:58 GMT
Editor : admin
തീര്‍ഥാടകര്‍ക്ക് ഹജ്ജ് നിഷേധിച്ചത് ഇറാനെന്ന് സൗദി

ഇറാന്‍ തീര്‍ഥാടകരെ ഹജ്ജില്‍ നിന്ന് തടഞ്ഞതിന്റെ ഉത്തരവാദിത്തം ഇറാന് തന്നെയാണെന്ന് സൗദി മന്ത്രി സഭ യോഗം വ്യക്തമാക്കി.

ഇറാന്‍ തീര്‍ഥാടകരെ ഹജ്ജില്‍ നിന്ന് തടഞ്ഞതിന്റെ ഉത്തരവാദിത്തം ഇറാന് തന്നെയാണെന്ന് സൗദി മന്ത്രി സഭ യോഗം വ്യക്തമാക്കി. ഹാജിമാരെ തടഞ്ഞതിനു ദൈവത്തിനു മുമ്പാകെ മറുപടി പറയേണ്ടിവരുമെന്നും മന്ത്രിസഭ വ്യക്തമാക്കി. സൌദി അറേബ്യയുമായി ഹജ്ജ് കരാര്‍ ഒപ്പുവെക്കുന്നതില്‍ നിന്ന് ഇറാന്‍ കഴിഞ്ഞ വാരം പിന്‍മാറിയിരുന്നു.

സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രി സഭായോഗം ഇറാനില്‍ നിന്നുള്ള ഹജ്ജ് സംഘവുമായുള്ള കൂടിക്കാഴ്ചയും അവരുടെ നിലപാടുകള്‍ ചര്‍ച്ച ചെയ്തു. ഹാജിമാര്‍ക്കുള്ള സേവനം, ബാധ്യതയും ഉത്തരവാദിത്തവുമായാണ് സൗദി അറേബ്യ കണക്കാക്കുന്നതെന്ന്, മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച സാംസ്കാരിക വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി, ഡോ. ആദില്‍ അല്‍തുറൈഫി പറഞ്ഞു. മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് -ഉംറ തീര്‍ഥാടകരെ സ്വാഗതം ചെയ്യുന്ന ഭരണകൂടവും ജനങ്ങളുമാണ് രാജ്യത്തുള്ളത്. മുസ്ലിമായ ഒരാളെയും തീര്‍ഥാടനത്തില്‍ നിന്ന് തടഞ്ഞിട്ടില്ലെന്ന് സൗദി മന്ത്രി സഭ വ്യക്തമാക്കി. ഹജ്ജ് തീര്‍ഥാടകരെ തടഞ്ഞ് പ്രശ്നങ്ങളുണ്ടാക്കാനും, സൗദിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കുവാനുമാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും, മന്ത്രിസഭ വിലയിരുത്തിയതായും മന്ത്രി പറഞ്ഞു. എല്ലാവരുമായി സഹകരിച്ച് , മുഴുവന്‍ രാജ്യങ്ങളിലും സുരക്ഷയും സമാധാനവും നിലനില്‍ക്കണമെന്നും, തര്‍ക്കങ്ങള്‍ നല്ല നിലയില്‍ പരിഹരിക്കണമെന്നും, മനുഷ്യാവകാശങ്ങള്‍ ആദരിക്കണമെന്നുമാണ് രാജ്യത്തിന്റെ നിലപാടെന്നും, അതിനായി ശ്രമം തുടരുമെന്നും മന്ത്രി സഭായോഗം വ്യക്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News