ഇന്ത്യൻ സ്കൂൾ അടിയന്തിര ജനറൽ ബോഡിയിൽ ദുരൂഹത; സ്കൂളിൻ്റെ നിലനിൽപ്പിനായി രക്ഷിതാക്കൾ ഒന്നിക്കണമെന്ന് യു. പി.പി

Update: 2026-09-23 05:31 GMT

മാനമ:  ഇന്ത്യൻ സ്‌കൂൾ ഭരണസമിതി നിലവിലെ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി സെപ്റ്റംബർ 23 വെള്ളിയാഴ്ച വിളിച്ചിട്ടുള്ള അസാധാരണ ജനറൽ ബോഡി മീറ്റിങ്ങിൽ അടിമുടി ദുരൂഹതയെന്ന് യുനൈറ്റഡ് പാരന്റ്‌സ് പാനൽ ( യു.പി പി). ഒരു കമ്മ്യൂണിറ്റി സ്‌കൂളിനെ സ്വകാര്യ വൽകരിക്കാനുള്ള ചില നിക്ഷിപ്ത താൽപര്യക്കാരുടെ രഹസ്യ അജണ്ടയുടെ ഭാഗമാണോ എന്ന് തോന്നിക്കും വിധം ഒരു കമ്മ്യൂണിറ്റി സ്‌കൂളിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന കാര്യങ്ങളാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ നിയമാവലി പ്രകാരം ചുരുങ്ങിയത് 10 ദിവസം മുൻമ്പെങ്കിലും രക്ഷിതാക്കളെ ഇത്തരം യോഗങ്ങളെ കുറിച്ച് അറിയിച്ചിരിക്കണം. എന്നാൽ 17ാം തിയ്യതി ഇറക്കിയ സർക്കുലർ പ്രകാരം 7 ദിവസത്തെ ഇടവേളയിലാണ് ഇപ്പോൾ യോഗം വിളിച്ചിരിക്കുന്നത്. അത് തന്നെ നിയമ ലംഘനം ആണെന്നും യു.പി .പി ആരോപിച്ചു

Advertising
Advertising

കമ്യൂണിറ്റി സ്‌കൂൾ എന്നതിൽ നിന്ന് സ്വന്തമായി സി.ആർ (കമേഴ്സ്യൽ രജിസ്ട്രേഷൻ) എടുക്കണം എന്നത് മന്ത്രാലയ നിയമമാണ് എന്നാണു പറയപ്പെടുന്നത്. എന്നാൽ കാലാവധി കഴിയാൻ ഒരു മാസം മാത്രം ബാക്കിയുള്ള ഇപ്പോഴത്തെ ഭരണസമിതിക്ക് ഇന്ത്യൻ സ്‌കൂൾ ഭരണഘടന പ്രകാരം എന്ത് അധികാരമാണ് ഇതിനുള്ളത് എന്ന് യു.പി.പി ചോദിച്ചു. ധൃതിപ്പെട്ട് ഇപ്പോഴത്തെ ഭരണസമിതിയുടെ തലപ്പത്തുള്ളവരുടെ പേരിൽ ഇന്ത്യൻ സ്‌കൂൾ സിആർ എടുക്കാനുള്ള ശ്രമം ദുരൂഹമാണ്. ഒക്ടോബറിൽ തെരഞ്ഞെടുപ്പ് നടക്കുവാനുള്ള വിജ്ഞാപനം ഇറക്കേണ്ട സമയത്താണ് ഇപ്പോൾ സ്‌കൂൾ അവരുടെ പേരിലേക്ക് ലൈസൻസ് എടുത്ത് മാറ്റുവാനുള്ള തന്ത്രം മെനയുന്നത്.ഇത് രക്ഷിതാക്കളോടും ജനാധിപത്യ വിശ്വാസികളോടും ഉള്ള വെല്ലുവിളിയാണ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതിയായി ആരാണോ നിലവിൽ വരുന്നത് അവരുടെ നേതൃത്വത്തിലായിരിക്കണം പുതിയ തീരുമാനങ്ങൾ ഉണ്ടാകേണ്ടത് എന്നത് ഭരണഘടനാ നിയമമാണ്. കഴിഞ്ഞ 12 വർഷമായി സ്‌കൂൾ ഭരിക്കുന്ന പിപിഎ പാനലിനു കൃത്യമായി ജീവനക്കാർക്ക് ശമ്പളം കൊടുക്കുവാനോ സ്‌കൂളിന്റെ പുരോഗതിക്കായി ഒന്നും ചെയ്യുവാനോ കഴിഞ്ഞിട്ടില്ല. കുട്ടികൾക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ പോലും ചെറിയ പുരോഗതി പോലും ഉണ്ടാക്കുവാൻ ഈ കാലയളവിൽ ഇവർക്കായിട്ടില്ല എന്നതാണ് സത്യം. എങ്കിലും ഒരു തരത്തിലും സ്‌കൂൾ ഭരണം കൈവിട്ടുപോകാതിരിക്കാൻ ഏതു ഹീന മാർഗവും ഇവർ സ്വീകരിക്കുകയും ചെയ്യും.

സ്‌കൂൾ വലിയ സാമ്പത്തിക പ്രയാസത്തിലാണ് എന്ന് പറഞ്ഞാണ് അധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പളം പലപ്പോഴും തടഞ്ഞു വെക്കുന്നത്. എന്നാൽ അതേ ഭരണസമിതി തന്നെ ഇപ്പോൾ പുതിയ കെട്ടിടം ഉണ്ടാക്കുവാനുള്ള അനുമതിയും ഈ വരുന്ന അസാധാരണ ജനറൽ ബോഡിയിൽ നിന്നും നേടിയെടുക്കുവാൻ ശ്രമിക്കുകയാണ്. ദൈനം ദിന കാര്യങ്ങൾ പോലും നടത്തികൊണ്ടുപോകുവാൻ കഴിയാത്ത ഭരണസമിതി എങ്ങിനെയാണ് പുതിയ കെട്ടിടം, അതും കാലാവധി കഴിയാൻ പോകുന്ന വേളയിൽ നിർമിക്കാൻ പോകുന്നത് എന്നതിൽ തികഞ്ഞ ദുരൂഹതയും ദുഷ്ടലാക്കുമുണ്ട്.

ഏതെങ്കിലും പേരിൽ സ്‌കൂൾ ഭരണം വിട്ടുകൊടുക്കാതിരിക്കാനും സ്‌കൂളിനെ നശിപ്പിച്ചു സ്വകാര്യ സ്ഥാപനം പോലെയാക്കി നല്ല രീതിയിൽ ഫീസ് കൂട്ടുവാനുമുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. നിലവിൽ അധ്യാപകരുടേയും ജീവനക്കാരുടേയും പ്രശ്‌നങ്ങൾ അവതരിപ്പിക്കാനും പരിഹരിക്കപ്പെടാനുമായി ജീവനക്കാർ അവരുടെ ഇടയിൽ നിന്ന് തന്നെ തെരഞ്ഞെടുക്കുന്ന സ്റ്റാഫ് പ്രതിനിധി എന്ന സ്ഥാനം ഇനി ഇല്ലായ്മ ചെയ്യാനുള്ള രഹസ്യനീക്കം മുഴുവൻ അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും ചേർന്ന് ചെറുത്ത് തോൽപിക്കേണ്ടുന്ന നീചമായ പ്രവൃത്തിയാണെന്നും , ഇത്തരം കാര്യങ്ങളും സ്‌കൂൾ നിയമാവലിയുടെ ഭേദഗതിയും പ്രസ്തുത മീറ്റിങ്ങിൻറെ സഭ്യതയ്ക്ക് നിരക്കാത്ത അജണ്ടകളാണെന്നും യു.പി.പി കുറ്റപ്പെടുത്തി.

സ്‌കൂൾ ജനറൽ ബോഡി മീറ്റിങ് എടുക്കുന്ന തീരുമാനം പോലും മന്ത്രാലയത്തിന്റെ അനുമതിയോടെ നടപ്പിൽ വരാൻ കാല താമസമെടുക്കാറുള്ള സാഹചര്യത്തിൽ അടുത്ത മാസത്തോടെ പൂർണമായും കാലാവധി കഴിയുന്ന ഈ ഭരണസമിതി ധൃതിപ്പെട്ട് ഭരണഘടനാ ഭേദഗതി പോലും നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഏതു വിധേനയായും തിരഞ്ഞെടുപ്പ് നടത്താതെ അധികാരത്തിൽ കടിച്ച് തൂങ്ങാനുള്ള ചില അധികാര മോഹികളുടെ തന്ത്രത്തിൻറെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും യു.പി.പി വാർത്താ കുറിപ്പിലൂടെ പറഞ്ഞു.

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന പ്രത്യേക ജനറൽ ബോഡി മീറ്റിംഗിൽ പരമാവധി രക്ഷിതാക്കൾ പങ്കെടുക്കുകയും ഇത്തരം നീക്കങ്ങളെ ജനാധിപത്യപരമായ, രീതിയിൽ തോൽപ്പിക്കുവാനും സാധാരണക്കാരായ രക്ഷിതാക്കളുടെ ഏക ആശ്രയമായ ഈ കമ്മ്യൂണിറ്റി സ്‌കൂളിനെ നിലനിർത്താനായി ശ്രമിക്കേണ്ടതുണ്ടെന്നും യുപി പി വാർത്താ കുറിപ്പിലൂടെ രക്ഷിതാക്കളോടും പൊതു സമൂഹത്തോടും അഭ്യർത്ഥിക്കുന്നതായും വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News