'ഇ മസാല'; യു.എ.ഇയിൽ പുതിയ തെന്നിന്ത്യൻ സിനിമാ ചാനൽ
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകൾ റിലീസായി നാലാഴ്ചയ്ക്കുള്ളിൽ ഇ വിഷൻ ചാനൽ നമ്പർ 667ലെ ഇ മസാലയിൽ ലഭ്യമാകും.
മലയാളം ഉൾപ്പെടെ പുത്തൻ തെന്നിന്ത്യൻ സിനിമകൾക്ക് മാത്രമായി യു.എ.ഇയിൽ പുതിയ ടി.വി ചാനൽ സംപ്രേഷണം തുടങ്ങി. സിംപ്ലി സൗത്ത് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമുമായി കൈകോർത്ത് ടി.വി ചാനൽ വിതരണ ശൃംഖലയായ ഇ വിഷനാണ് പുതിയ ചാനലിന് തുടക്കം കുറിച്ചത്.
'ഇ മസാല' എന്ന പേരിലാണ് പുതിയ തെന്നിന്ത്യൻ സിനിമയ്ക്ക് മാത്രമായുള്ള സിനിമാ ചാനൽ ഇത്തിസലാത്തിന് കീഴിലെ ഇ വിഷനിൽ ലഭ്യമാവുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകൾ റിലീസായി നാലാഴ്ചയ്ക്കുള്ളിൽ ഇ വിഷൻ ചാനൽ നമ്പർ 667ലെ ഇ മസാലയിൽ ലഭ്യമാകും.
തങ്ങളുടെ ഉപഭോക്താക്കളിൽ നല്ലൊരു പങ്ക് ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞാണ് ഇത്തരമൊരു ചാനലിന് തുടക്കമിട്ടതെന്ന് ഇ വിഷൻ സി.ഇ.ഒ ഒലിവർ ബ്രാംലി പറഞ്ഞു.
റിലീസിന് തൊട്ടുപിന്നാലെ പുതിയ സിനിമകൾ പരമാവധി വേഗത്തിൽ ജനങ്ങളിലെത്തിച്ച് പൈറസിയെ തളർത്തുക കൂടി ലക്ഷ്യമാണെന്ന് സിംപ്ലിസൗത്ത് അധികൃതർ പറഞ്ഞു.
ശനിയാഴ്ചകളിലാണ് മലയാള സിനിമകൾ ഇ മസാല സംപ്രേഷണം ചെയ്യുക. ദുബൈ ഫെസ്റ്റിവൽ സിറ്റി നോവോ സിനിമാസിൽ നടന്ന ചടങ്ങിലാണ് ചാനൽ പ്രവർത്തനത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്.