24 മണിക്കൂറില്‍ 12,714 പ്രമേഹ പരിശോധന; ഗിന്നസ് റെക്കോർഡിട്ട് ആസ്റ്റർ
പരിശോധനയില്‍രോഗം കണ്ടെത്തിയ ആളുകൾക്ക് ആസ്റ്റർ തുടർ പരിശോധനകളും വൈദ്യസഹായവും നൽകുമെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു
ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് സാധാരണക്കാരായ തൊഴിലാളികൾക്കായി ഏറ്റവും വലിയ സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് റെക്കോർഡിട്ട് ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ പ്രമേഹ പരിശോധനകള്‍ പൂർത്തിയാക്കിയതിന്‍റെ ഗിന്നസ് ലോക റെക്കോർഡാണ് ആസ്റ്റർ സ്വന്തമാക്കിയത്.
ദുബൈ ഇൻവെസ്റ്റ്‌മെന്‍റ് പാർക്ക് രണ്ടിലെ സാധാരണക്കാരായ തൊഴിലാളികൾക്കായി നടത്തിയ ക്യാമ്പിൽ 12,714 പ്രമേഹ പരിശോധനകളാണ് പൂർത്തിയാക്കിത്. റെക്കോർഡ് സർട്ടിഫിക്കറ്റ് ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്‍റെ ഔദ്യോഗിക വിധികര്‍ത്താവായ അല്‍വാലീദ് ഉസ്മാൻ സമ്മാനിച്ചു.
യു.എ.ഇ തൊഴിൽ മന്ത്രാലയം, ദുബൈ പൊലീസ്, ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഇൻഡിപെൻഡന്‍റ് ഡയറക്ടർ ജെയിംസ് മാത്യു, യു.എ.ഇയിലെ ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്ക്സ് ഗ്രൂപ്പ് സി.ഇ.ഒ ഡോ. ഷർബാസ് ബിച്ചു, മെഡ്കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്‍ററിലെ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ഷനില ലൈജു എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു പ്രമേഹ പരിശോധനാ ക്യാമ്പ്. പരിശോധനയില്‍രോഗം കണ്ടെത്തിയ ആളുകൾക്ക് ആസ്റ്റർ തുടർ പരിശോധനകളും വൈദ്യസഹായവും നൽകുമെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.