ആദ്യഘട്ടത്തിൽ 100 കോടി പൗണ്ടിലധികം ചെലവ്; സലാലയിൽ പുതിയ AI ഡാറ്റാ സെന്റർ പ്രഖ്യാപിച്ച് ബ്രിട്ടൻ
യു.കെ ആസ്ഥാനമായ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പറായ 'യമ്ന'യാണ് ഈ പദ്ധതി വികസിപ്പിക്കുന്നത്
സലാല: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാനിലെ സലാലയിൽ പുതിയ ഡാറ്റാ സെന്റർ വരുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് മാത്രം 100 കോടി പൗണ്ടിലധികം നിക്ഷേപം ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. യുകെ ആസ്ഥാനമായുള്ള ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പറായ 'യമ്ന'യാണ് ഈ പദ്ധതി വികസിപ്പിക്കുന്നത്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് നടത്തിയ യു.കെ സന്ദർശന വേളയിലെ വിശാലമായ നിക്ഷേപ പാക്കേജിന്റെ ഭാഗമായാണ് ബ്രിട്ടീഷ് സർക്കാർ ഈ പ്രഖ്യാപനം നടത്തിയത്.
ബ്രിട്ടീഷ് നിക്ഷേപ ഫണ്ടുകളുടെ പിന്തുണയുള്ള കമ്പനിയാണ് യമ്ന. മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ AI, ക്ലൗഡ് സേവനങ്ങൾക്കായി കമ്പ്യൂട്ടിങ് ശേഷി വർധിപ്പിക്കാൻ മത്സരിക്കുന്ന ഈ ഘട്ടത്തിൽ, ഒമാന്റെ തെക്കൻ മേഖലയായ സലാലയ്ക്ക് ഇതൊരു വലിയ സാങ്കേതിക മുന്നേറ്റമായി മാറും. പദ്ധതിയുടെ കമ്പ്യൂട്ടിങ് ശേഷി, വൈദ്യുതി ആവശ്യകതകൾ, നിർമാണ സമയക്രമം, ഉപഭോക്താക്കൾ എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബ്രിട്ടീഷ് വൈദഗ്ധ്യം കയറ്റുമതി ചെയ്യുന്നതിലൂടെ യുകെയിൽ 100-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് ബ്രിട്ടീഷ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഒമാനിൽ എത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ വന്നിട്ടില്ല.
തലസ്ഥാനമായ മസ്കത്തിന് പുറത്തേക്ക് സാങ്കേതിക നിക്ഷേപങ്ങൾ വ്യാപിപ്പിക്കാൻ ഈ പുതിയ പദ്ധതി സഹായിക്കും. വിശ്വസനീയമായ വൈദ്യുതി ലഭ്യത, നെറ്റ്വർക്ക് കണക്റ്റിവിറ്റി, ഉപഭോക്താക്കളുടെ ആവശ്യകത എന്നിവയെ ആശ്രയിച്ചായിരിക്കും ഈ ഡാറ്റാ സെന്ററിന്റെ ഭാവി വിജയം. സെന്റർ, ആഭ്യന്തര ഒമാനി കമ്പനികൾക്കാണോ അതോ അന്താരാഷ്ട്ര ഉപഭോക്താക്കൾക്കാണോ സേവനം നൽകുക എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ആദ്യ ഘട്ടത്തിന് ശേഷമുള്ള മൊത്തത്തിലുള്ള നിർമാണ ചെലവുകളെക്കുറിച്ചുള്ള വിവരങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2022-ൽ ഒമാനും യുകെയും തമ്മിൽ ഒപ്പുവെച്ച പരമാധികാര നിക്ഷേപ പങ്കാളിത്തത്തിന്റെ ഭാഗമായി ഒമാൻ ഇതിനകം യുകെയിൽ 1.7 ബില്യൺ പൗണ്ട് നിക്ഷേപിച്ചിട്ടുണ്ട്.