ഒമാനിൽ ജനനനിരക്കിൽ വലിയ കുറവ്; 10 വർഷത്തിനിടെ 39% കുറഞ്ഞു

ദേശീയ ബയോഎത്തിക്സ് കമ്മിറ്റിയാണ് കണക്കുകൾ പുറത്തുവിട്ടത്

Update: 2026-10-01 08:32 GMT

മസ്കത്ത്: ഒമാനിൽ ജനനനിരക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏകദേശം 39 ശതമാനം കുറഞ്ഞതായി കണക്കുകൾ. 2015ൽ ആയിരം പേർക്ക് ഏകദേശം 34 ജനനങ്ങൾ എന്ന നിലയിലായിരുന്ന കണക്ക് 2025 ലേക്കെത്തിയപ്പോൾ 20.8 ആയി കുറഞ്ഞു. ദേശീയ ബയോഎത്തിക്സ് കമ്മിറ്റിയുടെ ഇന്റലക്ച്വൽ ഫോറത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്. ജനനനിരക്കിലെ ഇടിവ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച, ആരോഗ്യസംരക്ഷണം, തലമുറകൾ തമ്മിലുള്ള സന്തുലിതാവസ്ഥ എന്നിവയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഫോറം ചൂണ്ടിക്കാട്ടി.

ജനനനിരക്ക് ഉയർത്തുന്നതിനായി ദേശീയ ഇടപെടൽ ഉണ്ടാകണമെന്നും ഫോറം ആവശ്യപ്പെട്ടു. കുടുംബ സ്ഥിരതയുമായി ബന്ധപ്പെട്ട സൂചകങ്ങൾ ഒമാൻ വിഷൻ 2040ൽ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നത് പരിഗണിക്കണം. അതോടൊപ്പം കുറഞ്ഞ ചെലവിൽ വീട് ലഭ്യമാക്കുന്നതിനും പലിശരഹിത വായ്പകൾക്കുമായി പദ്ധതികൾ നടപ്പാക്കണമെന്നും ഫോറം നിർദേശിച്ചു.

Advertising
Advertising

വിവാഹ ഫണ്ടിന് പിന്തുണ നൽകുന്നതിനായി സ്വകാര്യ മേഖലയുമായി സഹകരിച്ച് എൻഡോവ്മെന്റ് സംവിധാനം രൂപീകരിക്കണമെന്നും നിലവിലുള്ള സഹായം വർധിപ്പിക്കുകയും കൂടുതൽ പേർക്ക് ലഭ്യമാക്കുകയും ചെയ്യുന്നത് പരിഗണിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു. ആരോഗ്യസംരക്ഷണം, ഫെർട്ടിലിറ്റി സേവനങ്ങൾ, വന്ധ്യതാ ചികിത്സാ ക്ലിനിക്കുകൾ എന്നിവ കൂടുതൽ വിപുലീകരിക്കണമെന്നും ഫോറം നിർദേശിച്ചു. വന്ധ്യതയും ഗർഭധാരണത്തിലെ കാലതാമസവും സംബന്ധിച്ച ഗവേഷണത്തിനും ചികിത്സയ്ക്കുമായി പ്രത്യേക കേന്ദ്രം സ്ഥാപിക്കണമെന്നും ശുപാർശയുണ്ട്.

വന്ധ്യതയുടെയും കുറഞ്ഞ ജനനനിരക്കിന്റെയും കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ ഗവേഷണങ്ങൾക്ക് കൂടുതൽ പിന്തുണ നൽകണമെന്നും ഫോറം ആവശ്യപ്പെട്ടു. ജോലി ചെയ്യുന്ന അമ്മമാർക്ക് കൂടുതൽ പിന്തുണ നൽകുന്ന കുടുംബസൗഹൃദ തൊഴിൽ അന്തരീക്ഷം ഒരുക്കണം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സൗകര്യമായ ജോലി സമയം, വർക്ക് ഫ്രം ഹോം തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്നും ആവശ്യമുണ്ട്.

മറ്റേർണിറ്റി അവധി നയങ്ങൾ പുനഃപരിശോധിക്കുക, സ്ഥാപനങ്ങളിൽ ശിശുപരിചരണ കേന്ദ്രങ്ങൾ ഒരുക്കുക, അമ്മമാർക്ക് അനുയോജ്യമായ രീതിയിൽ വിരമിക്കൽ സംവിധാനങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരിക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. പഠനമോ ജോലിയോ ഉപേക്ഷിക്കാതെ തന്നെ സ്ത്രീകൾക്ക് കുടുംബജീവിതവും കരിയറും മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന നടപടികൾ ഉണ്ടാകണം. വിവാഹത്തിന് മുന്നോടിയായി ദമ്പതികൾക്കായി കൗൺസലിങ് നൽകണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News