ലോജിസ്റ്റിക്‌സ് രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ഒമാൻ കസ്റ്റംസ്
490-ലധികം ഇലക്ട്രോണിക് സേവനങ്ങൾ
മസ്‌കത്ത്: ലോജിസ്റ്റിക്‌സ് രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ഒമാൻ കസ്റ്റംസ്. വ്യാപാരം കാര്യക്ഷമമാക്കാൻ 490-ലധികം ഇലക്ട്രോണിക് സേവനങ്ങളാണ് ഒമാൻ കസ്റ്റംസ് വാഗ്ദാനം ചെയ്യുന്നത്. ബയാൻ സംവിധാനത്തിലൂടെയാണ് കസ്റ്റംസ് ലോജിസ്റ്റിക്‌സ് മേഖലയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
വേഗത്തിലും കാര്യക്ഷമതയോടെയുമുള്ള ചരക്കുനീക്കം ഉറപ്പാക്കാൻ കസ്റ്റംസ് ഡിജിറ്റൽ പരിവർത്തനം, നടപടിക്രമങ്ങൾ നവീകരിക്കൽ, മാനവ വിഭവശേഷി കാര്യക്ഷമത വർധിപ്പിക്കൽ എന്നിവ മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതോടൊപ്പം പരിശോധന, നിയന്ത്രണം, വിതരണ ശൃംഖലയുടെ സുരക്ഷ എന്നീ തലങ്ങളിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്നു.
74 സർക്കാർ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന സമഗ്ര ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ ബയാൻ സംവിധാനമാണ് ഈ പരിവർത്തനത്തിന്റെ അടിത്തറ. കസ്റ്റംസ് പോർട്ടുകളിൽ നേരിട്ട് പോകാതെ തന്നെ ബിസിനസുകൾക്ക് 490-ലധികം ഡിജിറ്റൽ സേവനങ്ങൾ ഇത് ലഭ്യമാക്കുന്നു. പ്രീ-ക്ലിയറൻസ് സേവനങ്ങൾ, ഇലക്ട്രോണിക് പേയ്മെന്റ്, കാർഗോ വിഭജനം, റിസ്‌ക് മാനേജ്മെന്റ്, നിരോധിതവും വ്യാജവുമായ വസ്തുക്കൾ കണ്ടെത്താനുള്ള നൂതന പരിശോധന സാങ്കേതികവിദ്യകൾ എന്നിവ ഈ സിസ്റ്റത്തിൽ ഉൾപ്പെടുന്നു.