റമദാനായി ഒരുങ്ങി ഒമാൻ വിപണി
1,29,875 കന്നുകാലികൾ, 12,000 ടണ്ണിലധികം ഉൽപ്പന്നങ്ങൾ
മസ്‌കത്ത്: റമദാനായി ഒരുങ്ങി ഒമാൻ വിപണി. 1,29,875 കന്നുകാലികളും 12,000 ടണ്ണിലധികം ഉൽപ്പന്നങ്ങളുമാണ് രാജ്യത്തെ വിതരണ ശൃംഖലയിലെത്തിയത്. ഇതിലൂടെ വിപണികൾ, കടകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിൽ കച്ചവടം സജീവമാകും. ഏറെ ആവശ്യക്കാരുള്ള പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ അടിസ്ഥാന വസ്തുക്കൾ ന്യായ വിലക്ക് ലഭ്യമാക്കാൻ വ്യാപാരികൾ നടപടി സ്വീകരിച്ചിട്ടുണ്ട്.
2026 ഫെബ്രുവരി 1 മുതൽ ഇറക്കുമതി ചെയ്ത കന്നുകാലികളുടെ ആകെ എണ്ണം 1,29,875 ആണെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 9,456 കന്നുകാലികളും 1,20,419 ആടുകളും ഉൾപ്പെടെയാണിത്. ഇവ എത്തിക്കാനായി 88 ഇറക്കുമതി പെർമിറ്റുകൾ നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.
റമദാൻ മാസത്തിൽ മത്സ്യ ലഭ്യതയും മന്ത്രാലയം ഉറപ്പുനൽകി. മത്സ്യ ലഭ്യത ഉറപ്പാക്കാൻ മത്സ്യ വിൽപ്പന കമ്പനികൾ, ഗതാഗതക്കാർ, ചില്ലറ വ്യാപാരികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചതായും അറിയിച്ചു.
സെൻട്രൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റിലെ (Silal) പ്രവർത്തനങ്ങളും സജീവമാണ്. ഫെബ്രുവരി ആദ്യം മുതൽ, 520-ലധികം ഷിപ്‌മെന്റുകൾ വിപണിയിലേക്ക് ലഭിച്ചിട്ടുണ്ടെന്നും 12,000 ടണ്ണിലധികം പച്ചക്കറികളും പഴങ്ങളും എത്തിച്ചിട്ടുണ്ടെന്നും ഓപ്പറേഷൻസ് ഡയറക്ടർ ഉസ്മാൻ അലി അൽ ഹത്താലി പറഞ്ഞു. ഇതേ കാലയളവിൽ 11,000 ടണ്ണിലധികം പ്രാദേശിക കാർഷിക ഉൽപന്നങ്ങൾ വിപണിയിലേക്ക് വിതരണം ചെയ്തിട്ടുണ്ട്.