ഒമാനിൽ നിശ്ചിത റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ടൂറിസം ക്ലാസിഫിക്കേഷൻ നിർബന്ധമാക്കി
ടൂറിസം മന്ത്രാലയത്തിന്റെ പോർട്ടൽ വഴി അപേക്ഷിക്കാം
മസ്‌കത്ത്: ഒമാനിലെ വിനോദസഞ്ചാര മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി തെരഞ്ഞെടുത്ത റെസ്റ്റോറന്റുകൾക്കും കഫേകൾക്കും ടൂറിസം ക്ലാസിഫിക്കേഷൻ നിർബന്ധമാക്കി. ടൂറിസം മന്ത്രാലയമാണ് ഇതുസംബന്ധിച്ച പുതിയ ഉത്തരവിറക്കിയത്. ഹോട്ടലുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ, വിനോദസഞ്ചാരത്തിനായി നീക്കിവെച്ച ഭൂമിയിൽ സ്ഥിതി ചെയ്യുന്നവ, ഫ്രാഞ്ചൈസി കരാറുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റുകൾ എന്നിവയ്ക്കാണ് ഈ പുതിയ നിബന്ധന ബാധകമാകുന്നത്. നിശ്ചിത വിഭാഗങ്ങളിൽ ഉൾപ്പെടാത്ത സ്ഥാപനങ്ങൾക്കും താൽപര്യമുണ്ടെങ്കിൽ സ്വമേധയാ ഈ ക്ലാസിഫിക്കേഷനായി അപേക്ഷിക്കാവുന്നതാണ്. സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനായി മന്ത്രാലയത്തിന്റെ ഇ-സർവീസ് പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാമെന്നും, ഇതിനായി പ്രത്യേക ക്യു.ആർ കോഡ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.