ഒമാനിൽ ഫാക് കുർബ കാമ്പയിൻ: ഇതുവരെ മോചിപ്പിച്ചത് 8,198 തടവുകാരെ
ഒമാനി ലോയേഴ്‌സ് അസോസിയേഷനാണ് സംരംഭത്തതിന് നേതൃത്വം നൽകുന്നത്.
മസ്‌കത്ത്: ഒമാനിൽ ഫാക് കുർബ കാമ്പയിനിലൂടെ ഒമാനിൽ ഇതുവരെ 8,198 പേർ മോചിതരായി. ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലുകളിൽ കഴിയുന്നവരെ മോചിതരാക്കാൻ സഹായിക്കുന്നതാണ് കാമ്പയിൻ. ഒമാനി ലോയേഴ്‌സ് അസോസിയേഷനാണ് സംരംഭത്തതിന് നേതൃത്വം നൽകുന്നത്.
2012 ൽ തുടങ്ങിയ കാമ്പയിനിന് ഇത്തവണയും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആയിരക്കണക്കിന് പേരെയാണ് കഴിഞ്ഞ കാലങ്ങളിൽ ഉറ്റവരുടെ സ്നേഹ തണലിലേക്ക് മടക്കിയെത്തിക്കാൻ സാധിച്ചത്. 13ാമത് പതിപ്പിന് ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുൽ സലാം ബിൻ മുഹമ്മദ് അൽ മുർഷിദിയുടെ രക്ഷാകർതൃത്വത്തിൽ തുടക്കാമായി. പന്ത്രണ്ടാം പതിപ്പിൽ 1,088 പേരെയാണ് മോചിപ്പിച്ചത്. പദ്ധതി രാജ്യത്തെ മാതൃകപരമായ മനുഷ്യാവകാശ- സാമൂഹിക പ്രവർത്തനായി മാറിയിട്ടുണ്ട്. ഔദ്യോഗിക സാമൂഹിക മേഖലയുടെ സംയുക്ത സഹകരണമാണ് പദ്ധതിയുടെ തുടർച്ചയായ വിജയത്തിന് പിന്നിലെന്നും ഒമാനി ലോയേഴ്‌സ് അസോസിയേഷൻ ചെയർമാൻ ഡോ. ഹമദ് ബിൻ ഹംദാൻ അൽ റുബൈ പറഞ്ഞു. പദ്ധതിക്ക് പൊതു, സ്വകാര്യ മേഖലയിൽനിന്ന് വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുക.