Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഒമാനിൽ ജോലി ചെയ്യുന്ന സ്വദേശിവനിതകളുടെ എണ്ണം 2025ൽ ഏകദേശം ഒമ്പത് ശതമാനം വർധിച്ച് 2,70,696 ലേക്കെത്തി. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിൽ വനിതകളുടെ പങ്കാളിത്തം ഉയരുന്നതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 15 വയസ്സിന് മുകളിലുള്ള ജോലി ചെയ്യുന്നവരായ ഒമാൻ സ്വദേശികളിൽ ഏകദേശം 30 ശതമാനവും വനിതകളാണ്. 15 വയസ്സിന് മുകളിലുള്ള സ്വദേശിവനിതകളുടെ സാമ്പത്തിക പങ്കാളിത്ത നിരക്ക് 2025ൽ 32.9 ശതമാനമായി ഉയർന്നു. 2024ൽ ഇത് 32.4 ശതമാനമായിരുന്നു. സാമ്പത്തികമായി തൊഴിൽരംഗത്ത് സജീവമായ ഒമാനി വനിതകളിൽ ഏകദേശം 85 ശതമാനവും ജോലി ചെയ്യുന്നവരാണ്.
2025ൽ മാത്രം 31,808 സ്വദേശിവനിതകൾക്ക് പുതുതായി ജോലി ലഭിച്ചു. ശാസ്ത്രം, സാങ്കേതികവിദ്യ, മാനവിക വിഷയങ്ങൾ തുടങ്ങിയ മേഖലകളിലാണ് ഒമാനി വനിതകളിൽ നാലിലൊരുഭാഗവും പ്രവർത്തിക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ വനിതാ പ്രവേശനവും ബിരുദാനന്തര യോഗ്യത നേടുന്നവരുടെ എണ്ണവും വർധിക്കുന്നതിനൊപ്പമാണ് തൊഴിൽ മേഖലയിലും മുന്നേറ്റവും ഉണ്ടായിരിക്കുന്നത്.
2025ൽ ഒമാനിലെ ആകെ വനിതാ ജനസംഖ്യ 21,15,212 ആയിട്ടുണ്ട്. ഇതിൽ 15,10,248 പേർ ഒമാനികളാണ്. അതായത്, ഏകദേശം 71 ശതമാനവും സ്വദേശികളാണ്. ഒമാനി വനിതകളിൽ 18നും 29നും ഇടയിൽ പ്രായമുള്ളവർ ജനസംഖ്യയുടെ ഏകദേശം 18 ശതമാനം വരുമെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.