വിമാനം ആറ് മണിക്കൂറിലധികം വൈകിയാൽ സൗജന്യ ഹോട്ടൽ; ഒമാൻ ഏവിയേഷൻ അതോറിറ്റിയുടെ പുതിയ റഗുലേഷൻ അറിയാം...

രണ്ട് മണിക്കൂർ വൈകിയാൽ ലഘുഭക്ഷണവും പാനീയങ്ങളും

Update: 2026-08-31 17:38 GMT

മസ്‌കത്ത്: ഒമാനിൽ നിന്നുള്ള വിമാനയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പുതിയ റഗുലേഷൻ പുറപ്പെടുവിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോഴും ബോർഡിങ് തടയുകയോ ചെയ്യുമ്പോൾ യാത്രക്കാർക്ക് അർഹമായ നഷ്ടപരിഹാരവും സൗജന്യ പരിചരണവും ഉറപ്പാക്കാൻ എയർലൈനുകൾ ബാധ്യസ്ഥരാണെന്ന് സിഎഎ വ്യക്തമാക്കുന്നു.

വിമാനം രണ്ട് മണിക്കൂർ വൈകിയാൽ ലഘുഭക്ഷണവും പാനീയങ്ങളും നൽകണം ഇത് നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകണം. മൂന്ന് മണിക്കൂർ വൈകിയാൽ ഭക്ഷണം നൽകണം. ആറ് മണിക്കൂറിലധികം വൈകിയാൽ സൗജന്യ ഹോട്ടൽ താമസവും എയർപോർട്ട് ട്രാൻസ്‌പോർട്ടും നൽകണം, നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകണം. ആറ് മണിക്കൂറിലേറെ വൈകുന്ന വിമാനങ്ങളെ റദ്ദാക്കിയതിന് തുല്യമായാണ് കണക്കാക്കുക.

Advertising
Advertising

യാത്ര തിരിക്കുന്നതിന് 14 ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കിയാൽ ദൂരമനുസരിച്ച് 108 റിയാൽ മുതൽ 260 റിയാൽ വരെ നഷ്ടപരിഹാരത്തിന് യാത്രക്കാരന് അർഹതയുണ്ട്. ലഗേജ് വൈകുന്ന ആദ്യ ദിവസത്തിന് 78 റിയാലും, അടിയന്തര ചെലവുകൾക്ക് പരമാവധി 680 ഒമാനി റിയാൽ വരെയും അവകാശപ്പെടാം. 21 ദിവസത്തിനകം ലഗേജ് ലഭിച്ചില്ലെങ്കിൽ അത് നഷ്ടപ്പെട്ടതായി കണക്കാക്കും.

ഓവർബുക്കിങ് മൂലം യാത്ര തടഞ്ഞാൽ പകരം വിമാനവും, യാത്ര നിരസിക്കുന്ന പക്ഷം ടിക്കറ്റ് തുകയും ടിക്കറ്റ് മൂല്യത്തിന് തുല്യമായ നഷ്ടപരിഹാരവും നൽകണം. പരാതികളിൽ 15 പ്രവൃത്തിദിവസത്തിനുള്ളിൽ എയർലൈനുകൾ മറുപടി നൽകണം, അല്ലാത്തപക്ഷം സിവിൽ ഏവിയേഷൻ അതോറിറ്റിയെ സമീപിക്കാം. മോശം കാലാവസ്ഥ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ സാമ്പത്തിക നഷ്ടപരിഹാരത്തിൽ ഇളവുണ്ടെങ്കിലും, യാത്രക്കാർക്ക് 3 ദിവസം വരെ താമസവും ഭക്ഷണവും നൽകാൻ എയർലൈനുകൾ ബാധ്യസ്ഥരാണെന്നും സിഎഎ പറയുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News