കാത്തിരിപ്പ് അവസാനിക്കുന്നു; മത്ര കേബിൾ കാർ പരീക്ഷണ ഓട്ടം ഡിസംബറിൽ

ഏകദേശം 3 കിലോമീറ്റർ ദൂരത്തിലാണ് കേബിൾ കാർ ലൈൻ സജ്ജീകരിച്ചിരിക്കുന്നത്

Update: 2026-06-14 16:03 GMT

മസ്കത്ത്: മസ്കത്തിന്റെ ടൂറിസം ഭൂപടത്തിൽ‌ നാഴികകല്ലാവുന്ന മത്ര കേബിൾ കാർ പദ്ധതി അവസാന ഘട്ടത്തിലേക്ക്. നിലവിൽ നിർമാണ പ്രവർത്തി 90 ശതമാനം പിന്നിട്ടു. ഡിസംബറിൽ പരീക്ഷണ ഓട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി മസ്കത്തിന്റെ മനോഹര ആകാശകാഴ്ച ദൃശ്യമാവുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. നിർമാണ പുരോഗതി മത്ര ഡെപ്യൂട്ടി വാലി ശൈഖ് ഡോ. അബ്ദുൽ ഹമീദ് ബിൻ അബ്ദുൽ റഹ്മാൻ അൽ ഖരൂസി വിലയിരുത്തി. ട്രയൽ റണ്ണിന് മുന്നോടിയായി, അംഗീകൃതമായ ഉയർന്ന മാനദണ്ഡങ്ങൾ പാലിച്ച് പദ്ധതി പൂർണ സജ്ജമാക്കാനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മത്ര ഫിഷ് മാർക്കറ്റിന് സമീപത്ത് നിന്നും തുടങ്ങി, റിയാം പാർക്കിന് പിന്നിലെ മലമുകളിലൂടെ കൽബു പാർക്ക് വരെയാണ് കേബിൾ കാർ കടന്നുപോകുന്നത്. ഏകദേശം 3 കിലോമീറ്റർ ദൂരത്തിലാണ് കേബിൾ കാർ ലൈൻ സജ്ജീകരിച്ചിരിക്കുന്നത്. എയർ കണ്ടീഷൻ ചെയ്ത 18 ക്യാബിനുകളാണ് കേബിൾ കാർ സംവിധാനത്തിൽ ഉണ്ടാകുക. ഓരോന്നിലും എട്ട് യാത്രക്കാർക്ക് വരെ കയറാനാകും. രണ്ട് വിഐപി ക്യാബിനുകളും ഉണ്ടാകും. പോർഷെ ഡിസൈൻ സ്റ്റുഡിയോയാണ് ക്യാബിനുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Web Desk

contributor

Similar News