ഖത്തറിൽ അയ്യായിരം റിയാൽ ശമ്പളമുള്ളവർക്ക് മാത്രം കുടുംബ സന്ദർശക വിസ

ഓൺ അറൈവൽ യാത്രകൾക്ക് നിബന്ധന ബാധകമല്ല

Update: 2021-11-12 17:07 GMT
Advertising

ഖത്തറിൽ നിശ്ചിത നിരക്ക് ശമ്പളമുള്ളവർക്ക് മാത്രമേ കുടുംബ സന്ദർശക വിസ അനുവദിക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയം. ഭാര്യ, മക്കൾ എന്നിവർക്ക് സന്ദർശക വിസ ലഭിക്കണമെങ്കിൽ അപേക്ഷകന് മിനിമം അയ്യായിരം റിയാൽ ശമ്പളം നിർബന്ധമാണ്. എന്നാൽ ഓൺ അറൈവൽ യാത്രകൾക്ക് നിബന്ധന ബാധകമല്ല. ഖത്തർ ആഭ്യന്തര മന്ത്രാലയം നടത്തിയ വെബിനാറിലാണ് ഫാമിലി വിസിറ്റ് വിസ സംബന്ധിച്ച നിബന്ധനകൾ വിശദീകരിച്ചത്.

ഖത്തറിൽ വിസയുള്ള താമസക്കാരന് ഭാര്യയ്ക്കും മക്കൾക്കുമായി കുടുംബ സന്ദർശക വിസ ലഭിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 5000 റിയാൽ ശമ്പളം നിർബന്ധമാണ്. മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും കൊണ്ടുവരാനുള്ള വിസിറ്റ് വിസ ലഭിക്കണമെങ്കിൽ 10,000 റിയാൽ ശമ്പളവും നിർബന്ധമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് ടു ആപ്പ് വഴി ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കാം. തൊഴിലുടമയിൽ നിന്നുള്ള അനുമതി പത്രം, കമ്പനി കാർഡ്, അപേക്ഷകന്റെ ഐഡി, സന്ദർശക വിസയിൽ വരുന്നവരുടെ പാസ്‌പോർട്ട്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾക്കൊപ്പം വരുന്നവർക്കുള്ള നിർബന്ധിത ആരോഗ്യഇൻഷൂറൻസ് കോപ്പി, വിമാനടിക്കറ്റ് രേഖകൾ തുടങ്ങിയവയാണ് വിസക്കുള്ള അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടത്. മാതാപിതാക്കൾ മറ്റ് ബന്ധുക്കൾ തുടങ്ങിയവർക്കാണ് വിസയെങ്കിൽ ബന്ധം തെളിയിക്കുന്ന രേഖകളും ഖത്തറിൽ ഭാര്യയും താമസക്കാരിയാണെങ്കിൽ അവരുടെ ഐഡി കാർഡ് കോപ്പിയും സമർപ്പിക്കണം. എന്നാൽ ഓൺ അറൈവൽ വഴിയുള്ള യാത്രകൾക്ക് ഈ നിബന്ധനകൾ ബാധകമല്ല. വിസാകാലാവധി കഴിഞ്ഞും ഖത്തറിൽ അനധികൃതമായി തങ്ങുന്നവർക്ക് പിഴ കൂടാതെ രാജ്യം വിടാനായി ഏർപ്പെടുത്തിയ ഇളവ് കാലാവധി ഡിസംബർ 31 നകം തീരുമെന്നും ഇത്തരത്തിൽ താമസിക്കുന്നവർ ഇളവ് പ്രയോജനപ്പെടുത്തണമെന്നും ആഭ്യന്തര മന്ത്രാലയം പ്രതിനിധികൾ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News