ഓണ്‍അറൈവല്‍ വഴി ഖത്തറിലെത്തിയ മലയാളികള്‍ ദോഹ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നു, തിരിച്ചുപോകണമെന്ന് അധികൃതര്‍

നിശ്ചിത തുക കൈവശം വേണമെന്ന നിബന്ധന പാലിക്കാത്തതിനാല്‍ പ്രവേശനാനുമതി നല്‍കാനാവില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍

Update: 2021-07-22 15:38 GMT
Advertising

ഓണ്‍അറൈവല്‍ വഴി ഖത്തറിലെത്തിയ മലയാളികള്‍ പുറത്തിറങ്ങാനാകാതെ ദോഹ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നു. അയ്യായിരം റിയാല‍ോ അല്ലെങ്കില്‍ തത്തുല്യമായ ഇന്ത്യന്‍ രൂപയോ അക്കൌണ്ടിലോ കൈവശം കറന്‍സിയായോ വേണമെന്ന നിബന്ധന പാലിക്കാത്തതിനാലാണ് ഇവരെ തടഞ്ഞുവെച്ചത്. ഇക്കാരണത്താല‍് പ്രവേശനാനുമതി നല്‍കാനാവില്ലെന്നും തിരിച്ചുപോകണമെന്നുമാണ് എയര്‍പോര്‍ട്ട് അധികൃതരുടെ നിലപാട്. എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം വഴി ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ഇവര്‍ ദോഹയിലിറങ്ങിയത്. പണം വേണമെന്ന നിബന്ധന യാത്രക്കാരെ എയര്‍ഇന്ത്യയോ ട്രാവല്‍സ് ഏജന്‍റുമാരോ യാത്രക്കാരെ ധരിപ്പിക്കാതിരുന്നതും നാട്ടില്‍ വെച്ച് തന്നെ ഇതിനായുള്ള പരിശോധനകള്‍ നടത്താതിരുന്നതുമാണ് ഇവരെ കുഴപ്പത്തിലാക്കിയത്. തുടര്‍ന്ന് യാത്രക്കാര്‍ എയര്‍ഇന്ത്യ അധികൃതരെ ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. മാത്രമല്ല നാട്ടിലേക്ക് തിരിച്ചുപോകണമെങ്കില്‍ മടക്കയാത്രയുടെ ടിക്കറ്റ് തുകയും ഇവര്‍ നല‍്കണമെന്ന് എയര്‍ഇന്ത്യ അധികൃതര‍് ആവശ്യപ്പെട്ടതായും യാത്രക്കാര്‍ പറയുന്നു. പത്ത് മണിക്കൂറോളമായി ഒരു ഭക്ഷണവുമില്ലാതെയാണ് എയര്‍പോര്‍ട്ടില്‍ തുടരുന്നതെന്നും യാത്രക്കാര്‍ പറയുന്നു. ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ വിഷയത്തില‍് ഇടപെട്ട് സാധ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന

ഓണ്‍അറൈവല്‍ വഴി വരുന്ന യാത്രക്കാരന്‍റെ  കൈവശം ക്രെഡിറ്റ് കാര്‍ഡോ ഇന്‍റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡോ ഉണ്ടാകുകയും അതില്‍ അയ്യായിരം ഖത്തര്‍ റിയാലിന് തത്തുല്യമായ തുക ഡെപ്പോസിറ്റ് വേണമെന്നാണ് ചട്ടം. അല്ലെങ്കില്‍ അയ്യായിരം റിയാല്‍ കറന്‍സിയായി കയ്യില്‍ കരുതിയാലും മതി. 

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News