ഒഴുക്ക് നിലക്കാതെ...; മസ്ജിദുന്നബവയിൽ പ്രതിദിനം വിതരണം ചെയ്യുന്നത് 235 ടൺ 'സംസം'
10,000ത്തിലധികം വാട്ടർ ഡിസ്പെൻസറുകൾ സജ്ജം
ജിദ്ദ: മദീനയിലെ മസ്ജിദുന്നബവിയിൽ എത്തുന്ന തീർഥാടകർക്കും സന്ദർശകർക്കുമായി പ്രതിദിനം ശരാശരി 235 ടൺ സംസം വെള്ളം വിതരണം ചെയ്യുന്നതായി ഇരുഹറം കാര്യാലയം. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിപുലമായ സേവനങ്ങളുടെ ഭാഗമായാണ് ഈ വിതരണം. വിശ്വാസികൾക്ക് എളുപ്പത്തിലും സുഗമമായും വിശുദ്ധ ജലം ലഭ്യമാക്കുന്നതിനായി മസ്ജിദിന്റെ ഉൾഭാഗങ്ങളിലും പുറത്തെ മുറ്റങ്ങളിലുമായി പതിനായിരത്തിലധികം സംസം വാട്ടർ കണ്ടെയ്‌നറുകളും ഡിസ്‌പെൻസറുകളും സജ്ജീകരിച്ചിട്ടുണ്ട്.
വിതരണം ചെയ്യുന്ന സംസം വെള്ളത്തിന്റെ സുരക്ഷിതത്വവും ശുദ്ധിയും ഉറപ്പാക്കാൻ അതീവ ജാഗ്രതയാണ് അധികൃതർ പുലർത്തുന്നത്. ഡിസ്‌പെൻസറുകളിൽ വെള്ളം തീരുന്ന മുറയ്ക്ക് 24 മണിക്കൂറും റീഫിൽ ചെയ്യാനുള്ള പ്രത്യേക സംഘം രംഗത്തുണ്ട്. അത്യാധുനിക വാട്ടർ ടെസ്റ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് സംസം വെള്ളത്തിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നു. ഏറ്റവും ഉയർന്ന നിലവാരത്തിലും പ്രവർത്തനക്ഷമതയിലും തീർഥാടകർക്ക് സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുഹറം കാര്യാലയം ഈ സംവിധാനങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്.