സൗദിയിൽ കെട്ടിടവാടക ബാങ്ക് അകൗണ്ടുകൾ വഴി മാത്രം; ഈജാർ പ്ലാറ്റ്‌ഫോം വഴിയുള്ള വാടകയിടപാട് പ്രാബല്യത്തിൽ
റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി
റിയാദ്: സൗദിയില്‍ താമസ കെട്ടിടങ്ങളുടെ വാടക ഇടപാടുകള്‍ ഈജാര്‍ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റല്‍ ഇടപാടിലേക്ക് മാറി. നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഈജാര്‍ വഴിയടക്കാത്ത വാടക ഇടുപാടുകള്‍ക്ക് ഇനി മുതല്‍ നിയമസാധുത ലഭിക്കില്ല. കെട്ടിട ഉടമയും പാട്ടക്കാരനും തമ്മിലുള്ള ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.
രാജ്യത്തെ വാടക കരാര്‍ പണമിടപാടുകള്‍ ഇലക്ട്രോണിക് വത്കരിക്കണമെന്ന മന്ത്രിതല സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ ഇടപാട് നിയമം പ്രാബല്യത്തിലായി. രാജ്യത്തെ താമസ കെട്ടിടങ്ങളുടെ വാടക പണമിടപാടുകള്‍ ഡിജിറ്റല്‍ ചാനലുകള്‍ വഴി മാത്രമാകും ഇനിമുതല്‍ സ്വീകരിക്കുക. നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഈജാറിന്റെ സദാദ് നമ്പറായ 153 ഉപയോഗിച്ചാണ് പണമിടപാട് നടത്താന്‍ സാധിക്കുക.
ഈജാറിലെ പഴയതും പുതിയതുമായ എല്ലാ കരാറുകള്‍ക്കും നിയമം ബാധകമാകും. റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. ഇതോടെ വാടക കരാറുകള്‍ക്കനുവദിക്കുന്ന മാനുവല്‍ റസീപ്റ്റുകള്‍ക്ക് സാധുതയില്ലാതായി. പകരം ഈജാര്‍ വഴി ഇടപാട് നടത്തിയ ഇലക്ട്രോണിക് റസീപ്റ്റുകളാണ് രേഖയായി സ്വീകരിക്കുക.
സര്‍ക്കാര്‍ സാര്‍ക്കാറേതര ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഈജാര്‍ റസിപ്റ്റുകളാണ് അംഗീകരിക്കുക. പാട്ടക്കാരനും ഉടമയും തമ്മിലുള്ള പരാതികള്‍ കുറക്കുന്നതിനും ഡോക്യുമെന്റേഷന്‍ നടപടികള്‍ ലഘൂകരിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്നും ഈജാര്‍ കേന്ദ്രം വ്യക്തമാക്കി.