വാസ്തുശില്പ പൈതൃകം കൊണ്ട് സമ്പന്നമായി ജിസാനിലെ കോട്ടകൾ
അൽ ദൗസരിയ കോട്ട, ബനി മാലിക് കോട്ടകൾ, ഫറസാൻ ദ്വീപിലെ കോട്ടകൾ എന്നിവയാണ് പ്രധാനപ്പെട്ടവ
റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയായ ജിസാൻ സവിശേഷമായ വാസ്തുശില്പ പൈതൃകം കൊണ്ട് സമ്പന്നമാണ്. മലനിരകൾക്കും സമതലങ്ങൾക്കും ഇടയിൽ ചിതറിക്കിടക്കുന്ന ചരിത്ര കോട്ടകൾ ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള ദീർഘകാല പ്രതിരോധത്തിന്റെ അടയാളങ്ങളാണ്. മേഖലയുടെ സാംസ്കാരിക അസ്തിത്വവുമായി ബന്ധപ്പെട്ട പരമ്പരാഗത വാസ്തുവിദ്യയുടെ ഭംഗിയും ഇവ പ്രതിഫലിപ്പിക്കുന്നു.
ജിസാൻ നഗരത്തിൽ തലയുയർത്തി നിൽക്കുന്ന അൽ-ദൗസരിയ കോട്ട, ബനി മാലിക് കോട്ടകൾ, ഫറസാൻ ദ്വീപിലെ കോട്ടകൾ എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട ലാൻഡ്മാർക്കുകൾ. സൈനിക-പ്രതിരോധ താവളങ്ങളായും ദുരിതകാലത്ത് ജനങ്ങൾക്ക് അഭയകേന്ദ്രങ്ങളായും ഇവ പ്രവർത്തിച്ചു. ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
കട്ടിയുള്ള കല്ല് കൊണ്ട് പണിഞ്ഞ മതിലുകളും ഉയരമുള്ള ഗോപുരങ്ങളും കൊണ്ട് സവിശേഷമായ ഈ കോട്ടകൾ ജിസാൻ ജനതയുടെ നിർമാണ കൗശലവും പ്രതിരോധ ആസൂത്രണ മികവും പ്രകടമാക്കുന്നു. ഇന്ന് ഇവയെല്ലാം ചരിത്രമുറങ്ങുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. മേഖലയുടെ ഭൂതകാലം പഠിക്കാനും ധീരതയുടെയും പൈതൃകാഭിമാനത്തിന്റെയും മൂല്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും ഒട്ടേറെ സന്ദർശകരാണ് ഇവിടെയെത്തുന്നത്. സൗദിയിൽ ചരിത്ര സ്ഥലങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കോട്ടകൾ തുടർച്ചയായ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിധേയമാകുന്നുണ്ട്.