ഗസ്സയുടെ പുനർനിർമാണത്തിന് 100 കോടി ഡോളർ സഹായവുമായി സൗദി

ട്രംപിന്റെ ബോർഡ് ഓഫ് പീസിൽ പ്രഖ്യാപനവുമായി സൗദി വിദേശകാര്യ സഹമന്ത്രി

Update: 2026-02-20 12:17 GMT
Editor : Thameem CP | By : Web Desk

വാഷിംഗ്ടൺ: ഫലസ്തീൻ ജനതയുടെ ദുരിതമകറ്റാനും ഗസ്സയുടെ പുനർനിർമ്മാണത്തിനുമായി 100 കോടി ഡോളറിന്റെ വൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ. വാഷിംഗ്ടണിൽ നടന്ന പീസ് കൗൺസിൽ യോഗത്തിലാണ് സൗദി വിദേശകാര്യ സഹമന്ത്രി ആദൽ അൽ ജുബൈർ ഈ പ്രഖ്യാപനം നടത്തിയത്. മേഖലയിൽ ശാശ്വതവും നീതിയുക്തവുമായ സമാധാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വരും വർഷങ്ങളിൽ ഈ തുക കൈമാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിലൂടെ മാത്രമേ മിഡിൽ ഈസ്റ്റിനെ നാശത്തിന്റെ പാതയിൽ നിന്ന് പ്രതീക്ഷയുടെയും പുരോഗതിയുടെയും പുതിയ തലത്തിലേക്ക് നയിക്കാൻ സാധിക്കൂ എന്നും, ഫലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിനാണ് സൗദി മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ദീർഘവീക്ഷണത്തോടെയുള്ള നിലപാടുകൾ ജുബൈർ യോഗത്തിൽ എടുത്തുപറഞ്ഞു. നേരത്തെ കിങ് ഫഹദ് ആവിഷ്‌കരിച്ച എട്ട് ഇന പദ്ധതിയും 2002ലെ അറബ് സമാധാന പദ്ധതിയും മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവരാൻ സൗദി നടത്തിയ നിരന്തര ശ്രമങ്ങളുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ നടന്ന പീസ് കൗൺസിൽ യോഗത്തിൽ 47 രാജ്യങ്ങളാണ് പങ്കെടുത്തത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News