'പള്ളികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യണം'; ഇസ്ലാമിക കാര്യ മന്ത്രാലയം
ഈ വർഷം പള്ളികളുമായി ബന്ധപ്പെട്ട എഴുനൂറിലധികം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി മന്ത്രാലയം
റിയാദ്: സൗദി അറേബ്യയിലെ പള്ളികളുടെ സംരക്ഷണം ഉറപ്പാക്കാൻ കർശന നടപടിയുമായി ഇസ്‍ലാമിക കാര്യ മന്ത്രാലയം. പള്ളികളിലെ വൈദ്യുതി, വെള്ളം എന്നിവയുടെ ദുരുപയോഗം തടയുന്നതിനും പള്ളികളുടെ വസ്തുവകകൾ, ഫണ്ട് എന്നിവ പരിപാലിക്കുന്നതിനും പ്രത്യേക മുൻഗണന നൽകുമെന്ന് മന്ത്രാലയ വക്താവ് അബ്ദുള്ള അൽ അനസി പറഞ്ഞു.
ഈ വർഷം മാത്രം പള്ളികളുമായി ബന്ധപ്പെട്ട വസ്തുവകകളിൽ എഴുനൂറിലധികം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു. പള്ളികളുടെ സുരക്ഷക്കായി ഇസ്‌ലാമിക കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ ശൈഖിന്റെ നിർദ്ദേശപ്രകാരം മന്ത്രാലയത്തിലും വിവിധ ശാഖകളിലും പ്രത്യേക വിഭാഗം രൂപീകരിച്ചിട്ടുണ്ട്. രാജ്യത്തുടനീളം പള്ളികളിൽ നിരന്തരമായ പരിശോധനകൾ നടത്തിവരുന്നു.
പള്ളികൾക്കു നേരെയുള്ള ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും നിയമലംഘകർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.