സൗദിയിലെ മുവ്വായിരത്തിലേറെ കമ്പനികളിലെ ജീവനക്കാർ പ്രീമിയം ഇഖാമക്ക് അർഹരെന്ന് പ്രീമിയം റസിഡൻസി കേന്ദ്രത്തിന്റെ സർവേ
ലെവിയും ഫീസുകളും ഇല്ലാതെ സൗദി പൗരന്മാരുടേതിന് സമാനമായ അവകാശങ്ങളാണ് പ്രീമിയം ഇഖാമ നൽകുക.
റിയാദ്: സൗദിയിലെ മുവ്വായിരത്തിലേറെ കമ്പനികളിലെ ജീവനക്കാർ പ്രീമിയം ഇഖാമക്ക് അർഹരാണെന്ന് പ്രീമിയം റസിഡൻസി കേന്ദ്രത്തിന്റെ സർവേ. ആരോഗ്യ, ശാസ്ത്ര, ഗവേഷണ മേഖലയിലുള്ള മികച്ച പ്രതിഭകൾക്കെല്ലാം പ്രീമിയം റെസിഡൻസി സ്വന്തമാക്കാം. ലെവിയും ഫീസുകളും ഇല്ലാതെ സൗദി പൗരന്മാരുടേതിന് സമാനമായ അവകാശങ്ങളാണ് പ്രീമിയം ഇഖാമ നൽകുക.
രാജ്യത്തെ 3484 സ്വകാര്യ കമ്പനികളിലെ ജീവനക്കാർ പ്രീമിയം റസിഡൻസിക്ക് അർഹരാണെന്നാണ് സൗദി അറേബ്യയുടെ കണ്ടെത്തൽ. ഇപ്പോൾ പ്രത്യേക കാറ്റഗറികളാക്കി തിരിച്ച് പ്രീമിയം റസിഡൻസി നൽകുകയാണ് സൗദി അറേബ്യ. നാല് വിഭാഗക്കാർക്ക് നിലവിൽ പ്രീമിയം റസിഡൻസി ഇപ്പോൾ വേഗത്തിൽ ലഭിക്കും. ഗവേഷകരാണ്. ഈ വിഭാഗത്തിൽ പ്രീമിയം ഇഖാമ ലഭിക്കാൻ നിബന്ധനകളുണ്ട്.
സൗദിയിലെ ഏതെങ്കിലും സ്ഥാപനത്തിലോ കമ്പനിയിലോ ജോലി ചെയ്യുന്നവരാവുക, പ്രതിമാസം കുറഞ്ഞത് 14,000 റിയാൽ ശമ്പളമുള്ളവരായിരിക്കുക, ചുരുങ്ങിയത് പിജിയെങ്കിലും വേണം, കമ്പനിയുടെ മേധാവിയിൽ നിന്നും റക്കമന്റേഷൻ ലെറ്ററും സമർപ്പിക്കണം, ഗവേഷകരാണെങ്കിൽ യോഗ്യതയുള്ള മേഖലയിലെ മൂന്ന് പേപ്പറുകളും സബ്മിറ്റ് ചെയ്യണം, എന്നിവയൊക്കെയാണ് നിബന്ധനകൾ. ആരോഗ്യ ശാസ്ത്ര മേഖലയിലുള്ളവർക്കും പ്രീമിയം ഇഖാമ ലഭിക്കും. എന്നാൽ ഇവർക്ക് കുറഞ്ഞ ശമ്പളം 35,000 ആയിരിക്കണം. മിനിമം ബിരുദമെങ്കിലും യോഗ്യതയായി വേണം. സ്പെഷ്യൽ ടാലന്റുള്ള, ശാസ്ത്ര മേഖലയിൽ പ്രതിഭയായ, ഗവേഷണത്തിലും മറ്റും താൽപര്യമുള്ള വിദേശികൾക്കെല്ലാം സൗദിയിൽ പ്രീമിയം റസിഡൻസി സ്വന്തമാക്കാം. മാതാപിതാക്കളുൾപ്പെടെ കുടുംബത്തോടൊപ്പം സ്പോൺസറും ലെവിയുമില്ലാതെ സൗദിയിൽ താമസം, വിമാനത്താവളത്തിലുൾപ്പെടെ സൗദി പൗരന്മാരുടെ അതേ ഫാസ്റ്റ് ട്രാക്ക്, സ്വന്തമായി റീഎൻട്രികൾ എന്നിവയെല്ലാം പ്രീമിയം ഇഖാമയുടെ ഗുണങ്ങളാണ്. ഭാര്യയേയും മക്കളേയുമെല്ലാം സൗദിയിൽ ജോലി ചെയ്യിപ്പിക്കാനും ബിസിനസ് ചെയ്യിപ്പിക്കാനും സ്വന്തമായി ഭൂമി വാങ്ങുവാനും അവസരവുമുണ്ട്. നിതാഖാത് ചട്ടങ്ങളിൽ നിന്നും ഇവർക്ക് ഇളവുണ്ടാകും.