കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റർ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
റിയാദിലെ അൽമാസ് ഓഡിറ്റോറിയത്തിലാണ് വിരുന്ന് സംഘടിപ്പിച്ചത്
റിയാദ്: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റർ പതിവുപോലെ ഈ വർഷവും ആദ്യ നോമ്പ് ദിനത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. റിയാദിലെ അൽമാസ് ഓഡിറ്റോറിയം വേദിയായിരുന്ന ചടങ്ങിൽ നിരവധി സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. സെക്രട്ടറി നിബിൻ ഇന്ദ്ര നീലം സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് റാഷിദ് ദയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻ റാഫി കൊയിലാണ്ടി റമദാൻ സന്ദേശം നൽകി. റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി മൈമൂന അബ്ബാസ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അഞ്ച് വർഷമായി വിവിധ ചാപ്റ്റുകളുമായി സഹകരിച്ച് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി നടപ്പിലാക്കി വരുന്ന 'കുഞ്ഞു മനസുകൾക്ക് ഒരു കുട്ടി സമ്മാനം' എന്ന മഹത്തായ പദ്ധതിയെ കുറിച്ച് ഉദ്ഘാടകയായ മൈമൂന അബ്ബാസ് വിശദമായി സംസാരിച്ചു. കൊയിലാണ്ടിയിലെ നിർധനരായ അർഹതപ്പെട്ട കുട്ടികൾക്ക് അടുത്ത അധ്യയന വർഷം സ്കൂൾ തുറക്കുമ്പോൾ സ്കൂൾ കിറ്റ് സമ്മാനമായി നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സ്കൂൾ ബാഗ്, കുട, നോട്ട് ബുക്ക്, വാട്ടർ ബോട്ടിൽ എന്നിവ ഉൾപ്പെട്ടതാണ് ഒരു കിറ്റ്. ഒരു കിറ്റിന്റെ മൂല്യം ഇന്ത്യൻ രൂപ 700 അല്ലെങ്കിൽ സൗദി റിയാൽ 30 ആണ്. ഇഫ്താർ വിരുന്നിൽ പങ്കെടുത്ത നിരവധി ആളുകൾ ഈ പദ്ധതിയെ പ്രോത്സാഹിപ്പിക്കുകയും കിറ്റുകൾ സ്പോൺസർ ചെയ്യാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ഈ മഹദ് ഉദ്യമത്തിന്റെ ഫണ്ട് ഉദ്ഘാടനം ശ്രീമതി മൈമൂന അബ്ബാസ് നിർവഹിച്ചു.
കിറ്റുകൾ സ്പോൺസർ ചെയ്യാൻ താൽപര്യമുള്ളവർ കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. ആശംസകൾ അറിയിച്ച് എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ് പയ്യോളി, മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, മോഹിയുദ്ധീൻ സഹീർ, റിഫ പ്രതിനിധിയും YMCA റിയാദ് പ്രസിഡന്റുമായ നിബു വർഗീസ് എന്നിവർ സംസാരിച്ചു. നൗഷാദ് സിറ്റി ഫ്ലവർ നന്ദി രേഖപ്പെടുത്തി.