മക്കയുടെ മുഖം മാറുന്നു; അത്യാധുനിക ഗതാഗത സമുച്ചയം നിർമിക്കാൻ സൗദിയും മലേഷ്യയും
2,100 കോടി റിയാലിന്റെ പങ്കാളിത്ത കരാറിന് ധാരണയായി
ജിദ്ദ: മക്കയിലെ കിങ് സൽമാൻ ഗേറ്റ് പദ്ധതി വികസനത്തിന് മലേഷ്യൻ കമ്പനിയുമായി കൈകോർത്ത് സൗദി. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലുള്ള പ്രമുഖ ഡെവലപ്പ്മെന്റ് കമ്പനിയായ 'റൂആ അൽ ഹറം അൽ മക്കി'യാണ് മലേഷ്യൻ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ എം.ആർ.സി.ബിയുമായി സഹകരണ കരാറിൽ ഒപ്പുവെച്ചത്. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ വെച്ചായിരുന്നു ധാരണയായത്. ഏകദേശം 2,100 കോടി സൗദി റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ ഗതാഗത സംവിധാനങ്ങൾ സമഗ്രമായി സംയോജിപ്പിച്ചുകൊണ്ടുള്ള കൂറ്റൻ ബഹുനില വികസന പദ്ധതിയാണ് മക്കയിൽ യാഥാർഥ്യമാകുന്നത്.
ബസ് ടെർമിനലുകൾ, പാർപ്പിട സമുച്ചയങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് കിങ് സൽമാൻ ഗേറ്റ് പദ്ധതി. റൂആ അൽ ഹറം അൽ മക്കി സി.ഇ.ഒ ബംബാങ് കജൈരിയും എം.ആർ.സി.ബി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഇമ്രാൻ സലീമും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണർ യാസിർ അൽ റുമയ്യൻ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മലേഷ്യയിലെ ഏറ്റവും വലിയ ഗതാഗത ഹബ്ബായ 'കെ.എൽ സെൻട്രൽ' പടുത്തുയർത്തിയ എം.ആർ.സി.ബിയുടെ പരിചയസമ്പത്ത് മക്കയിലെ പദ്ധതിക്കും പ്രയോജനപ്പെടുത്തും.