യമൻ, പശ്ചിമേഷ്യൻ വിഷയങ്ങൾ ചർച്ച ചെയ്ത് സൗദിയും യുഎസും; റൂബിയോ-ഫൈസൽ രാജകുമാരൻ കൂടിക്കാഴ്ച വാഷിങ്ടണിൽ

അന്താരാഷ്ട്ര ജലപാതകളിലെ നാവിക സുരക്ഷ ഉറപ്പാക്കുന്നതിനാണ് കൂടിക്കാഴ്ചയിൽ മുഖ്യ പരിഗണന നൽകിയത്

Update: 2026-09-29 10:01 GMT

വാഷിങ്ടൺ: പശ്ചിമേഷ്യൻ രാഷ്ട്രീയ സുരക്ഷാ സാഹചര്യങ്ങളും യമനിലെ നിലവിലെ സ്ഥിതിഗതികളും വിലയിരുത്തി സൗദിയും യുഎസും. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമാണ് കൂടിക്കാഴ്ച നടത്തിയത്. വാഷിങ്ടണിൽ നടന്ന ചർച്ചയിൽ പശ്ചിമേഷ്യൻ വിഷയങ്ങൾക്കൊപ്പം ആഗോളതലത്തിലെ പ്രധാന സംഭവവികാസങ്ങളും ഇരുനേതാക്കളും അവലോകനം ചെയ്തു. അന്താരാഷ്ട്ര ജലപാതകളിലെ നാവിക സുരക്ഷ ഉറപ്പാക്കുന്നതിനാണ് കൂടിക്കാഴ്ചയിൽ മുഖ്യ പരിഗണന നൽകിയത്. ആഗോള വ്യാപാര-വിതരണ ശൃംഖലകളുടെ സുഗമമായ ഒഴുക്കിനും പ്രാദേശിക സ്ഥിരതയ്ക്കും ഹോർമൂസ്, ബാബ് അൽ മന്ദബ് കടലിടുക്കുകളിലൂടെയുള്ള കപ്പൽ സഞ്ചാര സ്വാതന്ത്ര്യവും സുരക്ഷിതത്വവും അത്യന്താപേക്ഷിതമാണെന്ന് ഇരുപക്ഷവും ചൂണ്ടിക്കാട്ടി.

Advertising
Advertising

പ്രശ്‌നപരിഹാരങ്ങൾക്കായി നയതന്ത്ര നീക്കങ്ങൾ ഊർജിതമാക്കാനും സമാധാനവും സുരക്ഷയും ഉറപ്പുവരുത്താൻ റിയാദും വാഷിങ്ടണും തമ്മിലുള്ള ഏകോപനവും ആശയവിനിമയവും ശക്തമായി തുടരാനും കൂടിക്കാഴ്ചയിൽ ധാരണയായി. ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണകരമാകുന്ന രീതിയിൽ വിവിധ മേഖലകളിൽ സൗദി-യുഎസ് ബന്ധം കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. യുഎസിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ, ലബനൻ കാര്യങ്ങളുടെ ചുമതലയുള്ള വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് പ്രിൻസ് യസീദ് ബിൻ മുഹമ്മദ് അൽ ഫർഹാൻ തുടങ്ങിയ ഉന്നതതല പ്രതിനിധി സംഘവും ചർച്ചയിൽ സന്നിഹിതരായിരുന്നു.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News