ലൈസൻസില്ലാതെ പ്രവർത്തനം; സൗദിയിൽ 8 വാട്ടർ ഫില്ലിങ് സ്റ്റേഷനുകൾക്ക് പൂട്ട്
ജലവിതരണത്തെ ബാധിക്കില്ലെന്ന് സൗദി വാട്ടർ അതോറിറ്റി
റിയാദ്: ജലവിതരണ മേഖലയെ നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ സേവനം ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായി സൗദിയിൽ എട്ട് വാട്ടർ ഫില്ലിങ് സ്റ്റേഷനുകൾ അധികൃതർ അടപ്പിച്ചു. ലൈസൻസ് നടപടികൾ പൂർത്തിയാക്കാൻ വാട്ടർ ഫില്ലിങ് സ്റ്റേഷനുകൾക്ക് അനുവദിച്ച സമയപരിധി 2026 മാർച്ച് 31-ന് അവസാനിച്ചതിനെത്തുടർന്നാണ് സൗദി വാട്ടർ അതോറിറ്റി പരിശോധന കർശനമാക്കിയത്. ഏപ്രിൽ 1 മുതൽ 12 വരെ നടന്ന പരിശോധനകളിലാണ് സ്ഥാപനങ്ങൾ അതോറിറ്റി അടപ്പിച്ചത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവർക്ക് കുറഞ്ഞത് 40,000 റിയാൽ പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5,500 ഇൻസ്പെക്ഷൻ ടൂറുകൾ നടന്നു. ഇതിൽ 1,600 നിയമലംഘനങ്ങളും കണ്ടെത്തി. ജലസേവന മേഖലയിലെ ക്രമക്കേടുകൾ കുറയ്ക്കാനും ഉപഭോക്താക്കൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ കുടിവെള്ളം ലഭ്യമാക്കാനുമാണ് ഈ നടപടികളെന്ന് അതോറിറ്റി വ്യക്തമാക്കി. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ സേവനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നത് തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പരിശോധനകൾ ജലവിതരണത്തെ ബാധിച്ചിട്ടില്ല. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ലൈസൻസുള്ള മറ്റ് ബദൽ സംവിധാനങ്ങൾ ലഭ്യമാണെന്ന് വാട്ടർ അതോറിറ്റി വ്യക്തമാക്കി. നിയമലംഘകർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് അതോറിറ്റി അറിയിച്ചു. എല്ലാ ജലവിതരണ സ്ഥാപനങ്ങളും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച്, ആവശ്യമായ ലൈസൻസുകൾ നേടി നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് പ്രവർത്തിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.