റിയാദിൽ ഇമാം അബ്ദുല്ല ബിൻ സൗദ് റോഡ് വികസന പദ്ധതി ആരംഭിച്ചു
നഗരവൽക്കരണവും ജനസംഖ്യാ വർധനവും കണക്കിലെടുത്താണ് ഈ പുതിയ പദ്ധതി
റിയാദ്: തലസ്ഥാന നഗരിയിലെ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള പ്രധാന റോഡ് വികസന പദ്ധതികളുടെ ഭാഗമായി ഇമാം അബ്ദുല്ല ബിൻ സൗദ് റോഡിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി വെള്ളിയാഴ്ച അറിയിച്ചു. ഖാലിദ് ബിൻ അൽ-വലീദ് റോഡുമായി സന്ധിക്കുന്ന ജംങ്ഷനിലാണ് പ്രധാനമായും വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. നഗരത്തിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള നഗരവൽക്കരണവും ജനസംഖ്യാ വർധനവും കണക്കിലെടുത്താണ് ഈ പുതിയ പദ്ധതി.
റിയാദിന്റെ വടക്ക്-കിഴക്കൻ ഭാഗങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനുമായി 9 കിലോമീറ്റർ നീളത്തിലാണ് ഈ വികസന പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിലെ കിഴക്ക് പടിഞ്ഞാറ് ദിശയിലുള്ള റോഡുകളിലെ തിരക്ക് കുറക്കാനും ഖാലിദ് ബിൻ അൽ-വലീദ്, അൽ സഹാബ റോഡുകൾ ഇമാം അബ്ദുല്ല ബിൻ സൗദ് റോഡുമായി സന്ധിക്കുന്ന ഭാഗങ്ങളിലെ തെക്ക്-വടക്ക് ഗതാഗതം എളുപ്പമാക്കാനും ഇത് സഹായിക്കും.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് റോഡ് ഉപയോഗിക്കുന്നവർക്കും സമീപത്തെ താമസ-വ്യാപാര മേഖലകൾക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പ്രത്യേക മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിർമാണ വേളയിലും ഇരുവശങ്ങളിലേക്കും മൂന്ന് വരി ഗതാഗതം വീതം തടസ്സമില്ലാതെ നിലനിർത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ജങ്ഷനുകളുടെ ശേഷി വർധിപ്പിക്കാനും സമീപ പ്രദേശങ്ങളെ പ്രധാന ഹൈവേകളുമായി ബന്ധിപ്പിക്കുന്നതിന് ആവശ്യമായ യു-ടേണുകൾ ഒരുക്കാനും പദ്ധതിയിലൂടെ സാധിക്കും. നിർമാണ ഘട്ടങ്ങളിൽ ഗതാഗതം സുഗമമായി നിയന്ത്രിക്കുന്നതിനായി റിയാദ് ട്രാഫിക് വകുപ്പുമായും മറ്റ് ബന്ധപ്പെട്ട അധികാരികളുമായും ചേർന്നുകൊണ്ട് വിപുലമായ ഡൈവേർഷൻ പ്ലാനും ഉയർന്ന ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങളും കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ട്.