Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: സൗദിയിലെ ഖമീസ് മുഷൈത്ത് ഗവർണറേറ്റിൽ നിലനിന്നിരുന്ന അപകട മുന്നറിയിപ്പ് പിൻവലിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്. അതേസമയം, സുരക്ഷ ഉറപ്പാക്കുന്നതിനായി പൗരന്മാരും താമസക്കാരും അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾ തുടർന്നും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. അപകടസാധ്യത മുന്നിൽക്കണ്ട് നേരത്തെ ദേശീയ അടിയന്തര മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം ഖമീസ് മുഷൈത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
പൊതുസുരക്ഷ മുൻനിർത്തിയും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പിന്റെയും ഭാഗമായിരുന്നു നടപടി. പ്രദേശത്ത് ആളുകൾ കൂട്ടംകൂടുന്നതും ചിത്രീകരിക്കുന്നതും പൂർണമായും ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 998 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും സിവിൽ ഡിഫൻസ് വ്യക്തമാക്കി.